തൊടുപുഴ: മാരിയിൽക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി ഇന്ന് ആരംഭിക്കും. പാലം നിർമ്മിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അപ്രോച്ച് റോഡ് നിർമ്മിക്കാൻ സാധിച്ചിരുന്നില്ല. അപ്രോച്ച് റോഡിനായി 11 പേരുടെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. കഴിഞ്ഞ നവംബറിൽ ആദ്യ ഘട്ടമായി 2.76 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഏഴു സ്ഥലമുടമകൾക്ക് നൽകുന്നതിന് 6.46 കോടി രൂപ ഉടൻ ലഭ്യമാകുമെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഏറ്റെടുത്ത ഭൂമി റവന്യൂ വകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറും. സ്ഥലം ഏറ്റെടുക്കൽ നടപടി പൂർത്തിയായാൽ ഉടൻ അപ്രോച്ച് റോഡിന്റെ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നും ഇതിന് ആവശ്യമായ തുക ലഭ്യമാക്കിയിട്ടുണ്ടെന്നും പി.ജെ. ജോസഫ് പറഞ്ഞു.

മാരിയിൽക്കടവിൽ നിന്ന് കാഞ്ഞിരമറ്റത്തേക്ക് എളുപ്പം എത്താൻ വഴിയൊരുക്കുന്ന പാലം കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന പി.ജെ ജോസഫ് എം.എൽ.എയുടെ താത്പര്യപ്രകാരമാണ് നിർമ്മിച്ചത്. അതേ സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ തന്നെ പാതി പൂർത്തീകരിച്ച് പാലത്തിന്റെ ഉദ്ഘാടനവും നടത്തി. സ്ഥലം വിട്ടുനൽകാൻ ഉടമകൾ തയ്യാറാണെങ്കിലും ആവശ്യപ്പെട്ട വില നൽകാൻ സർക്കാർ തയ്യാറാകാതെ വന്നതാണ് സ്ഥലമെടുപ്പ് നീളാൻ കാരണം. 2013 ൽ ആരംഭിച്ച പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നീണ്ടു പോയതിനെ തുടർന്ന് നാട്ടുകാർ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിരുന്നു. തുടർന്ന്, കളക്ടറുടെ നേതൃത്വത്തിൽ പി.ജെ. ജോസഫ് എം.എൽ.എയും സ്ഥല ഉടമകളും ചർച്ച നടത്തി. എന്നാൽ സ്ഥലത്തിന് സർക്കാർ നൽകുന്ന വിലയെ കുറിച്ചോ പണം എന്നു നൽകാൻ കഴിയുമെന്നതിനെക്കുറിച്ചോ ധാരണയായില്ല. അതോടെ അഞ്ചരക്കോടി മുടക്കി നിർമിച്ച പാലം അനാഥമായി. ഒരു വർഷം മുമ്പ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തൊടുപുഴയിൽ എത്തിയപ്പോൾ പാലം സന്ദർശിക്കുകയും നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

ഒമ്പതാമത് ബൈപ്പാസ്

തൊടുപുഴയുടെ ഒമ്പതാമത്തെ ബൈപാസ് റോഡാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ബൈപാസ് നിർമാണം പൂർത്തിയാകുന്നതോടെ കാഞ്ഞിരമറ്റം, മുതലിയാർ മഠം, കാരിക്കോട് തുടങ്ങിയ മേഖലകളുടെയും സമീപ പഞ്ചായത്തുകളുടെയും സമഗ്ര വികസനം സാധ്യമാകും.

ഒരു കിലോമീറ്ററിലേറെ ലാഭം

തൊടുപുഴയിൽ നിന്ന് കാഞ്ഞിരമറ്റത്തേക്ക് എത്തണമങ്കിൽ നിലവിൽ മൂപ്പിൽകടവ് പാലം കടന്ന് ഒന്നര കിലോമീറ്ററോളം സഞ്ചരിക്കണം. എന്നാൽ മാരിയിൽക്കടവിലെ അപ്രോച്ച് റോഡ് പൂർത്തിയായാൽ അരക്കിലോ മീറ്ററിൽ താഴെ മതിയാകും.