ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ മഴ കനത്തതോടെ മണ്ണിടിഞ്ഞും മരം വീണും ഇന്നലെ പന്ത്രണ്ടോളം വീടുകൾക്ക് ഭാഗികമായി തകർന്നു. ദേവികുളം, ഇടുക്കി, നെടുങ്കണ്ടം മേഖലകളിലാണ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത്. ദേവികുളം മേഖലയിൽ മാത്രം പത്തോളം വീടുകൾ തകർന്നിട്ടുണ്ട്. ശക്തതമായ കാറ്റിലും മഴയിലും അടിമാലി ആനച്ചാൽ മന്നാക്കുടിയിൽ ഉപ്പൂട്ടിപറമ്പിൽ സുധാകരൻ രാജേന്ദ്രന്റെ വീടിന് മുകളിലേക്ക് വൻമരം കടപുഴകി വീണു. സംഭവ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. രാജകുമാരിയിൽ പാലത്തിങ്കൽ ബാബൂട്ടിയുടെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നേര്യമംഗലം, അടിമാലി, കല്ലാർ, മാങ്കുളം, വെള്ളത്തൂവൽ, കൊന്നത്തടി അടക്കമുള്ള സ്ഥലങ്ങളിലും കനത്ത മഴയായിരുന്നു. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായി. കനത്ത മഴയിൽ തോടുകൾ കരകവിഞ്ഞൊഴുകുകയും ചെയ്തു. ജലനിരപ്പ് ഉയർന്നതോടെ കല്ലാർകുട്ടി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഇന്നലെ തുറന്നു. കനത്ത മഴയിൽ നെടുങ്കണ്ടത്ത് വീടിന് മുകളിൽ മരം വീണു.
ഉടുമ്പൻചോലയിൽ കാരിത്തോട് കരിമ്പിൻ മാവിൽ ശാന്ത ബിജുവിന്റെ വീടാണ് തകർന്നത്. ഇവിടെയും മരം കടപുഴകി വീണതാണ് വീട് തകരാൻ കാരണം. ആളപായമില്ലാതെ രക്ഷപ്പെട്ടു.
നെടുങ്കണ്ടം മൈനർസിറ്റി കക്കുഴിനഗറിൽ ഇരുളുംതറയിൽ കെ.ഇ. വത്സലന്റെ വീടിന്റെ മുകളിലേയ്ക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ വൻമരം കടപുഴകി വീണത്. വൈദ്യതി ലെനുകളും കേബിൾ ലൈനുകളും തകർത്താണ് മരം വീടിന്റെ മുകളിലേയ്ക്ക് വീണത്. വെള്ളത്തൂവൽ രാജാക്കാട് റോഡിൽ പന്നിയാർകൂട്ടിയ്ക്ക് സമീപം മരം വീണ് ഗതാഗതം ഏറെ നേരം തടസപ്പെട്ടു. തുടർന്ന് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചു. മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമാണ് സംഭവിച്ചിട്ടുള്ളത്. മഴ ഇനിയും തുടർന്നാൽ ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉൾപ്പെടെ വൻ നാശനഷ്ടങ്ങൾ സംഭവിക്കാൻ ഇടയുണ്ടെന്ന ആശങ്കയിലാണ് ജനങ്ങൾ. ദേവികുളം മേഖലയിൽ ഇന്നലെ രാവിലെ മുതൽ കനത്ത മഴയായിരുന്നു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ ദേവികുളം മേഖലയിൽ 50.6 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. ജില്ലയിൽ ഇന്നലെ ശരാശരി 26.6 മില്ലി മീറ്റർ മഴ ലഭിച്ചു. ഉടുമ്പൻചോലയിൽ 15 മില്ലി മീറ്ററും പീരുമേട് 30.2, ഇടുക്കിയിൽ 19.2, തൊടുപുഴയിൽ 18.3 മില്ലി മീറ്ററും മഴ ലഭിച്ചു.
ഇടുക്കി ബ്ലൂഅലർട്ടി നരികെ
ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2359.86 അടിയായി ഉയർന്നു. മൊത്തം സംഭരണ ശേഷിയുടെ 54.16 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ സമയം 2356.06 അടിയായിരുന്നു ജലനിരപ്പ്. നിലവിലെ സാഹചര്യത്തിൽ 7.5 അടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും.
മഴ ശക്തമായി തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ ലെവലിലേക്ക് വെള്ളമെത്തും. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 1.92 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോൾ 33.622 മില്യൺ യൂണിറ്റ് വൈദ്യുതി നിർമിക്കാനാവശ്യമായ വെള്ളമൊഴികിയെത്തി.
അതേ സമയം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 129.5 അടിയായി. പെരിയാറിൽ 2.64 സെ.മീറ്ററും തേക്കടിയിൽ 1.30 സെ.മീറ്ററും മഴ ലഭിച്ചു. അണക്കെട്ടിലേക്ക് സെക്കന്റിൽ 2738.12 ഘനയടി വെള്ളം ഒഴികിയെത്തുമ്പോൾ തമിഴ്‌നാട് 1618.33 ഘനയടി വീതമാണ് കൊണ്ടുപോകുന്നത്.