തൊടുപുഴ: അനധികൃതമായി മരംമുറി മൂലമുണ്ടായ പാരിസ്ഥിതികാഘാതം നികത്താൻ ജില്ലയിൽ ആറായിരത്തോളം വൃക്ഷത്തെകൾ നടാൻ കർമ്മപദ്ധതി. മുട്ടിൽ മരം മുറിയെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിൽ തദ്ദേശസ്ഥാപനങ്ങൾ വഴി റവന്യൂ, വനം, പരിസ്ഥിതി, ജൈവ വൈവിധ്യബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തുടനീളമുള്ള 35 ഫോറസ്റ്റ് റേഞ്ചുകളുടെ പരിധിയിൽ നിന്നായി 2696 മരങ്ങൾ മുറിച്ചെന്നാണ് കണ്ടെത്തൽ. നഷ്ടം നികത്താൻ മുറിച്ചു മാറ്റിയവയുടെ പത്തിരട്ടി എന്ന തോതിൽ സംസ്ഥാനത്താകെ 30,000 വൃക്ഷത്തൈകൾ നടണമെന്നാണ് ട്രൈബ്യൂണൽ നിർദേശം. തേക്ക്, ഈട്ടി ഉൾപ്പെടെ തദ്ദേശീയ ഇനം വൃക്ഷത്തെകൾ അതത് പഞ്ചായത്തുകളുടെയോ തൊട്ടടുത്ത പഞ്ചായത്തുകളുടെയോ പരിധിയിലാണ് വെച്ചുപിടിപ്പിക്കേണ്ടത്. നടുന്ന തൈകളുടെ അടുത്ത രണ്ട് വർഷത്തെ വളർച്ച സംബന്ധിച്ച് ത്രൈമാസ വിലയിരുത്തലിനും നിരീക്ഷണത്തിനും റവന്യൂ, വനം, തദ്ദേശസ്വയംഭരണം, പരിസ്ഥിതി വകുപ്പുകളുടെ ജില്ലാ ഓഫീസർമാർക്ക് കീഴിൽ പ്രത്യേക സമിതി രൂപവത്കരിക്കും. പദ്ധതിയുടെ ഭാഗമായി വിവിധതരം വൃക്ഷത്തെകൾ വെച്ചുപിടിപ്പിക്കാൻ താത്പര്യമുള്ള പഞ്ചായത്തുകളിലെയും നഗരസഭകളിലെയും ജൈവവൈവിധ്യ മാനേജ്‌മെന്റ് കമ്മിറ്റികളോട് ആവശ്യമായ തൈകളുടെ എണ്ണം രണ്ടാഴ്ചയ്ക്കകം അറിയിക്കാൻ ജൈവവൈവിധ്യ ബോർഡ് നിർദേശിച്ചിട്ടുണ്ട്. തൈകൾ ലഭ്യമാകുന്ന മുറയ്ക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലെ സ്വകാര്യ ഭൂമികളിലോ റവന്യൂ ഭൂമികളിലോ തൈകൾ നട്ട് പിടിപ്പിക്കും.

ജില്ലയിൽ മുറിച്ചത് 497 മരങ്ങൾ
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വഴിവിട്ട നടപടികളിലൂടെ ജില്ലയിൽ 497 മരങ്ങൾ അനധികൃതമായി മുറിച്ചതായാണ് കണ്ടെത്തൽ. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരെയടക്കം പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്. കോതമംഗലം, മൂന്നാർ, മറയൂർ ഫോറസ്റ്റ് ഡിവിഷനുകൾക്ക് കീഴിലെ വിവിധ റേഞ്ചുകളുടെ പരിധിയിൽ നിന്നാണ് അഞ്ഞൂറോളം മരങ്ങൾ മുറിച്ച് കടത്തിയത്. മുള്ളരിങ്ങാട് റേഞ്ചിന് കീഴിൽ 114, കാളിയാറിൽ 24, ദേവികുളത്ത് അഞ്ച്, അടിമാലിയിൽ 339, മറയൂരിൽ 15 എന്നിങ്ങനെയാണ് മുറിച്ചത്. ഇതിന് പകരമായി മുള്ളരിങ്ങാട് റേഞ്ചിൽ 1200, കാളിയാറിൽ 300, ദേവികുളത്ത് 50, അടിമാലിയിൽ 4000, മറയൂരിൽ 200 എന്നിങ്ങനെ 5750 തൈകൾ നടാനാണ് പദ്ധതി.