തൊടുപുഴ: ജനവാസമേഖലകൾ പൂർണമായി ബഫർസോണിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും സംരക്ഷിത വനമേഖലയുടെ പൂജ്യം മുതൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ജനവാസമേഖല ഉൾപ്പെടെ ബഫർ സോണായി പ്രഖ്യാപിച്ച 23-10-2019 തീയതിയിലെ സംസ്ഥാന മന്ത്രിസഭാതീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാതീരുമാനത്തിന് അനുസൃതമായിട്ടുള്ള സുപ്രീംകോടതിവിധി അസ്ഥിരപ്പെടുത്താൻ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ കക്ഷി ചേർന്ന് റിവ്യൂ ഹർജി നൽകണമെന്നും ഭൂമിപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതിചെയ്യണമെന്നും നിർമ്മാണ നിരോധന ഉത്തരവ് പിൻവലിക്കണമെന്നും ഇവർ ആവ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന സമരപരിപാടികളുടെ പ്രഖ്യാപനം 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് കുമളിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തും. ജനവാസമേഖലകൾ പൂർണ്ണമായും സംരക്ഷിത വന മേഖലകളുടെ ബഫർ സേണിൽ നിന്ന് ഒഴിവാക്കണമെന്ന ജനാഭിലാഷം അട്ടിമറിച്ചത്‌ കേരളത്തിലെ ഇടതുമുന്നണി സർക്കാരുകളാണ്. സംരക്ഷിത വന മേഖലയുടെ പൂജ്യം മുതൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ജനവാസമേഖല ഉൾപ്പെടെ ബഫർ സോണായി പ്രഖ്യാപിക്കണമെന്ന സുപ്രീംകോടതി വിധി സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമായിട്ടാണ്. കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയത് ഉമ്മൻചാണ്ടി സർക്കാരാണെന്ന യാഥാർത്ഥ്യം ഇതുവരെ അംഗീകരിക്കാത്തവരാണ് സി.പി.എമ്മും ഇടതുമുന്നണി സർക്കാരുകളും. ബഫർ സോൺ വിഷയത്തിൽ ഉമ്മൻചാണ്ടി സർക്കാരിനും ഡീൻ കുര്യാക്കോസ് എം.പിക്കുമെതിരെ സി.പി.എം. ആരംഭിച്ചിട്ടുള്ള കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും നേതാക്കൾ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകൻ, കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ്ബ്, കേരളാകോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്ജ്, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.