കട്ടപ്പന : ലോക്ഡൗൺ കാലത്ത് നേരിട്ട തൊഴിൽ പ്രതിസന്ധിയും വിരസതയും മറികടക്കാൻ ഏലം കൃഷിയിൽ പ്രതീക്ഷയർപ്പിച്ച അദ്ധ്യാപകനായ യുവകർഷകന്റെ സ്വപ്നങ്ങൾ തകിടം മറിച്ച് കാലവർഷം.സ്വരാജ് സ്വദേശി കൂനാനി ബിജുവിന്റെ ഒന്നരയേക്കറോളം വരുന്ന ഏല ചെടികളാണ് കഴിഞ്ഞ 2 ദിവസം വീശിയടിച്ച കാറ്റിലും മഴയിലുമായി നശിച്ചത്.
ഒന്നരയേക്കറിലായുള്ള ഭൂരിഭാഗം ഏലച്ചെടികളും കാറ്റിലും മഴയിലുമായി നശിച്ചു.സമീപത്തെ കൃഷിയിടത്തിലെ മരം ഒടിഞ്ഞ് ബിജുവിന്റെ ഏലച്ചെടികളുടെ മുകളിലേയ്ക്ക് പതിച്ചത് കൃഷിനാശത്തിന്റെ ആക്കം കൂട്ടി. മിക്കവയും തട്ട ഒടിഞ്ഞും ചതഞ്ഞരഞ്ഞും നശിച്ചിരിക്കുകയാണ്. ചരങ്ങളും കായകളും നശിച്ചിട്ടുണ്ട്. ഏലച്ചെടികൾക്കൊപ്പമുണ്ടായിരുന്ന കുരുമുളകു ചെടികളും നശിച്ചവയിൽ ഉൾപ്പെടുന്നു.കട്ടപ്പനയിലെ സ്വകാര്യ കോളജിലെ അദ്ധ്യാപകനായ ബിജു നിലവിലുണ്ടായിരുന്ന കുറച്ച് ചെടികൾ പുതുക്കിയും പുതിയത് നട്ടും ഏകദേശം 850 ഓളം ചെടികൾ പുരയിടത്തിൽ പരിപാലിച്ചിരുന്നു.രണ്ടും മൂന്നും വർഷത്തിലേയ്‌ക്കെത്തി വിളവെടുപ്പിന് സമയമായപ്പോഴാണ് ഈ തിരിച്ചടിയുണ്ടായിരിക്കുന്നത്.