തൊടുപുഴ: കാലവർഷം ശക്തമായി തുടരുന്നതിനാൽ ജില്ലയിലെ അണക്കെട്ടുകൾ അതിവേഗം നിറയുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 55 ശതമാനത്തിന് മുകളിലെത്തി. ഇപ്പോഴത്തെ റൂൾലെവൽ അനുസരിച്ച് ജലനിരപ്പ് ആറടി കൂടി ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. നിലവിലെ ജലനിരപ്പ് 2361.64 അടിയാണ്. ജലനിരപ്പ് 2367.33 അടിയിലെത്തിയാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കും. 2373.33 അടിയിൽ ഓറഞ്ച് അലർട്ടും 2374.33ൽ റെഡ് അലർട്ടും പ്രഖ്യാപിക്കും. തുടർന്ന് ഒരടി കൂടി ഉയർന്നാൽ അണക്കെട്ട് തുറക്കാനുള്ള നടപടി സ്വീകരിക്കും. സംഭരണശേഷിയുടെ 55.87 ശതമാനമാണ് നിലവിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി സംഭരണശേഷി. കഴിഞ്ഞ വർഷം ഇതേ സമയം 2356.96 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 48.2 മില്ലി മീറ്റർ മഴയാണ് കിട്ടിയത്. ഇന്നലെ മാത്രം 28.53 ദശലക്ഷം ഘനമീറ്റർ ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. മഴ ശക്തമായതു മുതൽ രണ്ടാഴ്ച കൊണ്ട് 21 അടിയോളമാണ് ജലനിരപ്പ് ഉയർന്നത്. ഈ മാസം ഒന്നിന് 2340.74 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. നീരൊഴുക്ക് ശക്തമായ ചില ദിവസം രണ്ടടി വീതമാണ് ജലനിരപ്പുയർന്നത്. താരതമ്യേന ചെറിയ അണക്കെട്ടുകളായ പാംബ്ല, കല്ലാർകുട്ടി, മലങ്കര എന്നീ അണക്കെട്ടുകളുടെ ഷട്ടർ തുറന്ന് നിലവിൽ ജലമൊഴുക്കുന്നുണ്ട്. ഇതിൽ പാംബ്ല, കല്ലാർക്കുട്ടി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 500 ക്യുമെക്സിൽ നിന്ന് 750 ക്യുമെക്സാക്കി ഉയർത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നു
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നിലവിൽ 130.85 അടിയായി. ഇന്നലെ ഡാമിന്റെ വൃഷ്ടിപ്രദേശമായ പെരിയാറിൽ 67ഉം തേക്കടിയിൽ 31.2 മില്ലിമീറ്ററും മഴയാണ് ലഭിച്ചത്. സെക്കൻഡിൽ 5257.83 ഘനയടി ജലം ഡാമിലേക്കെത്തുന്നുണ്ട്. 1711.53 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരശേഷി.
വൈദ്യുതി ഉത്പാദനം കൂട്ടി
43.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. ഡാം തുറക്കുന്ന സാഹചര്യമൊഴിവാക്കാൻ കെ.എസ്.ഇ.ബി ചൊവ്വാഴ്ച മുതൽ വൈദ്യുതി ഉത്പാദനം കൂട്ടിയിട്ടുണ്ട്. ഇന്നലെ 5.54 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം പവർഹൗസിൽ ഉത്പാദിപ്പിച്ചത്. ചൊവ്വാഴ്ച 6.212 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചിരുന്നു. നിലവിലുള്ല ആറ് ജനറേറ്ററുകളിൽ അഞ്ചെണ്ണവും പ്രവർത്തിക്കുന്നുണ്ട്. ഒരെണ്ണം അറ്റകുറ്റ പണിയിലാണ്.
പൊൻമുടി ഡാം തുറന്നു
പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊൻമുടി ജലസംഭരണിയിലേക്ക് ശക്തമായ നീരൊഴുക്ക് തുടരുന്നതിനാൽ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 60 സെ.മീ വീതം ഉയർത്തി 130 ക്യുമെക്‌സ് ജലം ഇന്നലെ വൈകിട്ട് മുതൽ തുറന്ന് വിടുന്നുണ്ട്. പന്നിയാറിന്റെയും മുതിരപ്പുഴയാറിന്റെയും പെരിയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.