തൊടുപുഴ: മാരിയിൽക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം റവന്യൂ വകുപ്പേറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഇന്നലെ ഡെപ്യൂട്ടി തഹസിൽദാരുടെ നേതൃത്വത്തിൽ കാഞ്ഞിരമറ്റം ഭാഗത്തെ സ്വകാര്യ വ്യക്തികളുടെ സ്ഥലമളന്ന് തിരിച്ച് ഏറ്റെടുത്തത്. ഇതിൽ നഷ്ടപരിഹാരം ലഭിച്ചവരുടെ സ്ഥലങ്ങളാണ് ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറിയത്. ഒരു കോടി രൂപയ്ക്കു മേൽ നഷ്ടപരിഹാരം ലഭിക്കേണ്ട ഒരാളുടെ നഷ്ടപരിഹാര തുക സാങ്കേതിക കാരണങ്ങളാൽ ഇതുവരെ ലഭിച്ചിട്ടില്ല. ഇതും അടുത്ത ദിവസം തന്നെ ലഭ്യമാക്കി സ്ഥലം കൈമാറുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പറഞ്ഞു. പാലത്തിന്റെ ഇരുകരകളിലുമായി 11 പേരുടെ ഭൂമിയാണ് അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്നത്. മാരിയിൽക്കലുങ്ക് ഭാഗത്തുള്ളവരുടെ സ്ഥലമാണ് ഇനി അളന്നു തിരിക്കാനുള്ളത്. ഇതും അടുത്ത ദിവസം തന്നെ പൂർത്തിയാക്കും. സ്ഥലം വിട്ടു നൽകുന്നവർക്ക് നഷ്ടപരിഹാരം നൽകാനായി ആദ്യഘട്ടത്തിൽ 2.76 കോടി രൂപയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. അവശേഷിക്കുന്നവർക്ക് നൽകുന്നതിന് 6.46 കോടി രൂപയും ഉടൻ ലഭ്യമാക്കും. പാലത്തിൽ നിന്നും 12 മീറ്റർ വീതിയിലാണ് അപ്രോച്ച് റോഡ് നിർമിക്കുന്നത്. ഇത് പൂർത്തിയാകുന്നതോടെ തൊടുപുഴയിലെ ഒമ്പതാമത്തെ ബൈപാസ് റോഡ് യാഥാർത്ഥ്യമാകും. നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിനും സഹായകരമാകും. റവന്യു, പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കു പുറമെ ജനപ്രതിനിധികളും സ്ഥലമേറ്റെടുക്കൽ നടപടികളിൽ പങ്കെടുത്തു.