മൂന്നാർ: ആശങ്കയുയർത്തി മൂന്നാർ, ദേവികുളം മേഖലകളിൽ അതിശക്തമായ മഴ തുടരുന്നു. മൂന്ന് ദിവസത്തിനിടെ 57.5 സെ.മീ മഴയാണ് രാജമലയിൽ മാത്രം രേഖപ്പെടുത്തിയത്.
കനത്ത മഴയിൽ 2020 ആഗസ്റ്റ് ആറിനുണ്ടായ ഉരുൾപൊട്ടലിൽ 70 പേർ മരിച്ച പെട്ടിമുടിയിൽ നിന്ന് 5 കി.മീ മാത്രം ദൂരമാണ് ഇങ്ങോട്ടുള്ളത്. അന്ന് ആഗസ്റ്റ് നാല് മുതൽ ആറ് വരെ മാത്രം 126 സെ.മീ മഴയാണ് പെട്ടിമുടിയിൽ ലഭിച്ചത്. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം മാത്രം രാജമലയിൽ 26.8 സെ.മീ. മഴ പെയ്തു. ദുരന്ത സാധ്യത മുന്നിൽ കണ്ട് പെട്ടിമുടിയിലെ താമസക്കാരായ അന്യസംസ്ഥാന തൊഴിലാളി കുടുംബങ്ങളിൽപ്പെട്ട 118 പേരെ നേരത്തെ മാറ്റി പാർപ്പിച്ചിരുന്നു. ജൂൺ 26 മുതൽ മൂന്നാർ മേഖലയിൽ കനത്ത മഴ തുടങ്ങിയതാണ്. നേരത്തെ ചെറിയ ഇടവേളകൾ ലഭിച്ചെങ്കിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി മഴ ശക്തമായി തുടരുകയാണ്. ശക്തമായ കാറ്റും കോടമഞ്ഞും തണുപ്പും മൂലം തോട്ടം തൊഴിലാളികൾ അടക്കമുള്ളവർ അവശ്യ കാര്യങ്ങൾക്ക് പോലും പുറത്തിറങ്ങാനാകാതെ ദുരിതത്തിലാണ്. മിക്കയിടത്തും തോട്ടങ്ങളിലെ ജോലികൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നിരവധിയിടങ്ങളിൽ മരം വീണ് കെട്ടിടങ്ങൾക്കടക്കം നാശമുണ്ടായിട്ടുണ്ട്. മാട്ടുപ്പെട്ടിയിൽ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മരം വീണു. ഗ്യാപ്പ് റോഡിന് താഴ്ഭാഗത്ത് കൃഷിയിടത്തിൽ ഉരുൾപൊട്ടലുമുണ്ടായിട്ടുണ്ട്.