urul

ബൈസൺവാലി: ജപ്പാൻ കോളനിക്ക് സമീപം ഉരുൾപൊട്ടി സമീപത്തെ വീടിനകത്ത് കല്ലും മണ്ണും ഒഴുകിയെത്തി കനത്ത നാശനഷ്ടം. ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ താഴ് ഭാഗത്തുള്ള മുട്ടുങ്കൽ ശശിയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. പ്രദേശത്ത് അരയേക്കറോളം സ്ഥലത്തെ ഏലം കൃഷിയും ഉരുളെടുത്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. റോഡിന് മുകളിൽ 100 മീറ്റർ അകലെ നിന്നാണ് ഉരുൾ പൊട്ടിയൊഴുകിയത്. ഈ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിൻ ഭാഗത്തെ കതക് തകർത്തെത്തിയ മലവെള്ളം വീടിനകത്ത് പ്രവേശിച്ചു. ഒരു മീറ്ററോളം ഉയരത്തിൽ ചെളിയും കല്ലുകളും നിറഞ്ഞു. ബൈസൺവാലിയിൽ മറ്റൊരു വീട്ടിൽ താമസിക്കുന്ന ശശിയും കുടുംബവും രണ്ട് മാസം മുമ്പാണ് ഈ വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.