
തൊടുപുഴ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവത്തിന്റെയും അഗ്‌നിപഥ് പദ്ധതിയിലേക്ക് യുവാക്കളെ ആകർഷിക്കുന്നതിന്റെയും ഭാഗമായി ഇന്ത്യൻ ആർമി നടത്തുന്ന സൈക്കിൾ റാലിക്ക് തൊടുപുഴയിൽ സ്വീകരണം നൽകി. തൊടുപുഴ മഹാറാണി വെഡിംഗ് കളക്ഷൻസിന്റെ നേതൃത്വത്തിലാണ് സംഘത്തിന് സ്വീകരണം നൽകിയത്. ടീം ലീഡർ ക്യാപ്ടൻ പ്രദീപ്കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.
'ഗോൾഡൻ പാം സൈക്കിൾ റാലി ആൻഡ് ട്രെക്കിങ് എക്‌സ്‌പെഡിഷൻ' എന്ന പേരിൽ നടത്തുന്ന റാലി ബുധനാഴ്ച തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നാണ് ആരംഭിച്ചത്. നാല് ദിവസംകൊണ്ട് 320 കിലോമീറ്റർ താണ്ടി മൂന്നാറിൽ എത്തുന്ന തരത്തിലാണ് ഇവർ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആനമുടിയിൽ രണ്ട് ദിവസത്തെ ട്രക്കിംഗിന് ശേഷം തിരികെ മടങ്ങാനാണ് പദ്ധതി. 55 അംഗ സംഘമാണ് മൂന്നാറിലേക്കും തിരിച്ച് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലും പങ്കെടുക്കുന്നത്.