തൊടുപുഴ: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് അനുവദിച്ചിരുന്ന നാമമാത്രമായ ഫണ്ടുപോലും ഇതുവരെ കിട്ടാത്തതിനാൽ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ പ്രധാന അദ്ധ്യാപകർ വിഷമിക്കുകയാണെന്ന് കെ.പി.എസ്.ടി.എ. എട്ടു വർഷം മുമ്പ് അന്നത്തെ വിപണി വിലയുടെ അടിസ്ഥാനത്തിൽ നിർണയിച്ച തുകയാണ് ഇപ്പോഴും ലഭിക്കുന്നത്. അതിനു ശേഷം പച്ചക്കറി, പാൽ, മുട്ട എന്നിവയുടെ എല്ലാം വില പല മടങ്ങ് വർദ്ധിച്ചെങ്കിലും ഉച്ചഭക്ഷണ പദ്ധതിക്കനുവദിച്ചിരുന്ന തുക വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ആഴ്ചയിൽ രണ്ടു ദിവസം പാല്, ഒരു ദിവസം മുട്ട, എല്ലാ ദിവസവും രണ്ട് കറികളോട് കൂടിയ ഊണ് എന്നിവയാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് നൽകുന്നത്. ജൂലായ് മാസം പകുതിയായിട്ടും ജൂൺ മാസത്തെ ഫണ്ട് അനുവദിക്കാത്തതിൽ കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. പ്രസിഡന്റ് പി.എം. നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം. ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ഡി. എബ്രാഹം, ജില്ലാ സെക്രട്ടറി ഷെല്ലി ജോർജ്, മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, ബിജോയി മാത്യു, സജി മത്യു, സുനിൽ ടി. തോമസ്, പി.എൻ സന്തോഷ്, ഷിന്റോ ജോർജ്, രാജിമോൻ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.