പുറപ്പുഴ: ഇന്നലെ രാവിലെ ഏഴരയ്ക്ക് ശേഷം അപ്രതീക്ഷിതമായി ആഞ്ഞുവീശിയ ചുഴലിക്കൊടുങ്കാറ്റിൽ പുറപ്പുഴയ്ക്കടുത്ത് കുണിഞ്ഞി മേഖല നിലംപരിശായി. രണ്ട് മിനിട്ട് നേരം മാത്രം വീശിയടിച്ച കാറ്റിൽ രണ്ട് കിലോമീറ്റർ ചുറ്റളവിലെ ആയിരത്തിലേറെ മരങ്ങളാണ് കടപുഴകിയത്. ഭാഗ്യത്തിന് ആ‍ർക്കും പരിക്കില്ല. കോടികളുടെ നാശനഷ്ടമാണുണ്ടായത്. 11 വീടുകൾ ഭാഗികമായി തകർന്നു. കുണിഞ്ഞി ജംഗ്ഷനിലെ ഏഴ് കടമുറികളും മരം വീണ് തകർന്നു. നാലു വാഹനങ്ങളും തകർന്നു. 3.22 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായി. പുറപ്പുഴ പഞ്ചായത്തിലെ 9,​ 10,11 വാർഡുകളിലെ കുണിഞ്ഞി ചേലപ്പാറ മുതൽ പാലച്ചുവട് വരെയുള്ല ഭാഗത്താണ് കാറ്റ് നാശം വിതച്ചത്. രാവിലെ ഏഴരയോടെ ചെറിയ ചാറ്റൽ മഴ പെയ്യുന്നതിനിടയിലാണ് പെട്ടെന്ന് ചുഴലിക്കാറ്റ് ആഞ്ഞ് വീശിയത്. ഈ സമയം കുണിഞ്ഞി ജംഗ്ഷനിൽ രാവിലെ ജോലിക്ക് പോകാനും മറ്റുമായെത്തിയ നിരവധിപ്പേരുണ്ടായിരുന്നു. സമീപത്തെ പറമ്പിൽ നിന്ന വലിയ മരം കടപുഴകി ചായക്കടയ്ക്ക് മുകളിലേക്ക് വീണെങ്കിലും ഉള്ലിൽ ചായ കുടിച്ചിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. റോഡിലാകെ മരവും വൈദ്യുതി പോസ്റ്റുമൊടിഞ്ഞ് വീണതിനെ തുടർന്ന് രണ്ട് മണിക്കൂറോളം കുണിഞ്ഞിയിൽ നിന്ന് രാമപുരത്തേക്കും പുറപ്പുഴ ഭാഗത്തേക്കുമുള്ള ഗതാഗതം മുടങ്ങി. തുടർന്ന് തൊടുപുഴ, കല്ലൂർക്കാട്, കൂത്താട്ടുകുളം, പിറവം, പാല സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ക്രെയിനടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഏറെ നേരം പരിശ്രമിച്ചാണ് മരംമുറിച്ച് നീക്കി ഗതാഗതം സുഗമമാക്കിയത്. നാശനഷ്ടങ്ങൾ സംബന്ധിച്ച് വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. നാശനഷ്ടമുണ്ടായവർ അപേക്ഷ നൽകുന്നതനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലുണ്ടായ കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറും പ്രാഥമിക റിപ്പോർട്ട് നൽകി.

11 വീടുകൾ തകർന്നു

ചുഴലിക്കാറ്റിൽ 11 വീടുകളാണ് ഭാഗികമായി തകർന്നത്. 10-ാം വാർഡിലാണ് കൂടുതൽ വീടുകൾ തകർന്നത്. കുണിഞ്ഞി കുളത്തുങ്കൽ കെ.എം. അഗസ്റ്റിൻ, കാരക്കാട്ട് അഗസ്റ്റിൻ,​ മാങ്കുന്നേൽ സെബാസ്റ്റ്യൻ,​ ചെമ്മുക്കാമാക്കൽ വിജയൻ സി.പി,​ കീത്താപ്പിള്ളിൽ ലില്ലി ആന്റണി,​ കീത്താപ്പിള്ളിൽ റോജിൻ അഗസ്റ്റിൻ,​ ഈത്തക്കൽ ത്രേസ്യാമ്മ ജോസഫ്,​ കീത്താപ്പിള്ളിൽ മേരി അഗസ്റ്റിൻ,​ മുഞ്ഞനാട്ട്കുന്നേൽ ജോർജ്ജ് ആന്റണി,​ തോട്ടത്തിനാകുന്നേൽ റോസമ്മ ജോസഫ് എന്നിവരുടെ വീടുകളാണ് തകർന്നത്.

കടപുഴകിയത് 1,​000 റബർ മരങ്ങൾ

പ്രധാനമായും കാറ്റ് ദുരിതം വിതച്ചത് റബ്ബർ കർഷകർക്കാണ്. പ്രദേശത്തെ ആയിരം റബർ മരങ്ങൾ കടപുഴകിയെന്നാണ് കൃഷി വകുപ്പിന്റെ പ്രാഥമിക നിഗമനം. ചില തോട്ടങ്ങളിലെ ഭൂരിഭാഗം മരങ്ങളും നിലംപതിച്ചു. ഇതിന് പുറമെ​ 300 വാഴയും 100 കൊക്കോ മരങ്ങളും കാറ്രെടുത്തു.​ തെങ്ങ്,​ ജാതി,​ കമുക്,​ കപ്പ,​ പച്ചക്കറികൾ എന്നിവയും നശിച്ചവയിലുണ്ട്. 3.22 ഹെക്ടർ സ്ഥലത്തെ 30 പേരുടെ കാർഷികവിളകളാണ് നശിച്ചത്. കാർഷികവിളകൾക്ക് മാത്രം 20 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക നിഗമനം. തേക്ക്,​ ആഞ്ഞിലി,​ പ്ലാവ്,​ വട്ട തുടങ്ങിയ മരങ്ങൾ ഉൾപ്പെടുത്താതെയാണ് ഈ കണക്ക്. ഈ മരങ്ങളുടെ നഷ്ടം വനംവകുപ്പാണ് തിട്ടപ്പെടുത്തേണ്ടത്. പാട്ടാനിയിൽ ബാബു, പാട്ടാനിയിൽ റോയി, ഈറ്റയ്ക്കൽ സോജൻ, കവളംമാക്കൽ അപ്പച്ചൻ, കാവാലിൽ ജോയ്, പള്ളിക്കുന്നേൽ ജോർജ്, മുഞ്ഞനാട്ടുകുന്നേൽ തങ്കച്ചൻ, മുഞ്ഞനാട്ടുകുന്നേൽ പാപ്പച്ചൻ, മുള്ളൻകുന്നേൽ രാമകൃഷ്ണൻ, വട്ടയ്ക്കാട്ട് ജെയ്മോൻ എന്നിവരുടെ കൃഷികളാണ് പ്രധാനമായും നശിച്ചത്.

ഏഴ് കടമുറികൾ തകർന്നു
രാമപുരം പട്ടാനിയിൽ ബാബുവിന്റെ ഉടമസ്ഥതലയിലുള്ള ഏഴ് കടമുറികളാണ് ചുഴലിക്കാറ്റിൽ തകർന്നത്. ഇതിൽ വൻമരം കടപുഴകി വീണ് നനയാമരുതേൽ സിബി ജോസഫ് നടത്തുന്ന ചായക്കട പൂർണമായും തകർന്നു. ചേരിക്കാപറമ്പിൽ സജീവ്,​ ചേരിക്കാപറമ്പിൽ രാജീവ്, പട്ടയക്കാട്ട് അനിൽ ജോർജ്ജ്,​ അരിപ്ലാക്കൽ ശശികുമാർ,​ മേമനവീട് ജോർജ്ജ് ജോസഫ്,​

സി.എസ്. സജീവ് എന്നിവർ നടത്തുന്ന പച്ചക്കറി,​ പലച്ചരക്ക് തുടങ്ങിയ കടകളാണ് ബാക്കി നശിച്ചവ.