
പുറപ്പുഴ: രാമപുരത്തേക്ക് രാവിലെ വെൽഡിംഗ് ജോലിക്ക് പോവുമ്പോഴാണ് പുത്തൻപുരയ്ക്കൽ റോജോ ജോയി (29) പെട്ടെന്ന് ചുഴറ്റിയടിച്ച പോലെ മരങ്ങളെല്ലാം വലിയ ശബ്ദത്തോടെ റോഡിലേക്ക് താഴേക്ക് മറിയുന്നത് കണ്ടത്. ഒരു നിമിഷം അമ്പരന്ന റോജോ വാഹനത്തിന്റെ വേഗം കുറച്ചു. അപ്പോഴേക്കും തൊട്ടുമുകളിൽ നിന്നൊരു 50 ഇഞ്ചോളം വലിപ്പമുള്ല ഭീമൻ ആഞ്ഞിലി വൻ ശബ്ദത്തോടെ മറിഞ്ഞ് തനിക്കു മുകളിലേക്ക് വരുന്നത് കണ്ടത്. ഭാഗ്യത്തിന് ആ മരം വഴിയരികിലെ കൈയ്യാലയിൽ തട്ടി നിന്നു. പക്ഷേ, മരത്തിന്റെ ചീന്തിപ്പോയ കമ്പ് വന്ന് കുത്തി തറച്ചത് ബൈക്കിന്റെ പിൻസീറ്റിലായിരുന്നു. മരകൊമ്പുകളും മറ്റും റോജോയെയും വാഹനത്തെയും മൂടി. ഇതിനിയിലൂടെ ഇഴഞ്ഞ് ഒരു വിധത്തിൽ പുറത്തു വരുമ്പോൾ ചുറ്റും നടന്നതെന്താണെന്ന് പോലും പിടികിട്ടാത്ത അവസ്ഥയിലായിരുന്നു ഈ യുവാവ്. എങ്കിലും ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് റോജോ ഇപ്പോൾ.
ശക്തിമാനെ പോലെ ചുഴലിക്കാറ്റ്
കുട്ടികളെ സ്‌കൂൾ ബസിൽ അയക്കാൻ എത്തിയതായിരുന്നു കാഞ്ഞിരത്തുങ്കൽ ബിജു. കാർ റോഡരികിൽ നിറുത്തി രണ്ടാം ക്ലാസ് വിദ്യാർത്ഥി ഇവാനയും യു.കെ.ജി വിദ്യാർത്ഥി ഇവോണുമായി പുറത്തിറങ്ങി. ഈ സമയം ചാറ്റൽമഴ ഉണ്ടായിരുന്നതിനാൽ സ്‌കൂൾ ബസ് വരുന്നത് കാത്ത് സമീപത്തെ കടവരാന്തയിൽ കയറിനിന്നു. പെട്ടെന്നാണ് ഭീകരശബ്ദത്തോടെ ചുഴലിക്കാറ്റ് വീശിയത്. മക്കളുമായി ഓടി രക്ഷപ്പെടാൻ നോക്കി. പക്ഷെ, ഈ സമയം ചുറ്റും വൻമരങ്ങൾ വന്നു വീണു. വൈദ്യുതി പോസ്റ്റുകളും നിലംപതിച്ചു. റോഡരികിൽ കിടന്ന കാറിലേക്ക് ഒരേസമയം ആഞ്ഞിലിയും റബറും പതിച്ചു. ജീവൻ രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണെന്ന് ബിജു പറഞ്ഞു. ചെറുപ്പത്തിൽ ടിവിയിൽ കാണുന്ന സീരിയലായ 'ശക്തിമാൻ" പോലെയാണ് ചുഴലിക്കാറ്റ് വീശിയത്. കൺമുന്നിൽ കണ്ട കാഴ്ച ഭീകരമായിരുന്നെന്നും ബിജു പറഞ്ഞു.
സ്‌കൂൾ ബസുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ചുഴലിക്കാറ്റ് വീശുന്നതിന് മൂന്നു മിനുട്ട് മുൻപാണ് രാമപുരം എസ്.എച്ച് ജി.എച്ച്.എസിലെയും വെള്ളിലാപ്പള്ളി സെന്റ് ജോസഫ് യു.പി സ്‌കൂളിലെയും ബസുകൾ വിദ്യാർത്ഥികളുമായി ഈ പ്രദേശത്തുനിന്ന് പോയത്. ബസുകൾ നീങ്ങി അൽപസമയത്തിനകം വീശിയ ചുഴലിക്കാറ്റിൽ കുണിഞ്ഞി- രാമപുരം റോഡിൽ തേക്കും പ്ലാവും ആഞ്ഞിലിയുമടക്കമുള്ള വൻമരങ്ങൾ വീണു. നിമിഷനേരം കൊണ്ടാണ് വലിയ അത്യാഹിതം ഒഴിഞ്ഞത്. റോഡിൽ മറ്റുവാഹനങ്ങൾ ഇല്ലാതിരുന്നതും ആളപായം ഒഴിവാക്കി.