mt

തൊടുപുഴ: വെയിലും മഴയും മാറി മാറി വരവെ,​ മലയാളത്തിന്റെ പ്രിയ കഥാകാരൻ പുഴയുടെ തീരത്ത് ശാന്തനായിരുന്നു. '​ഓളവും തീരത്തിലെ" പ്രിയ കഥാപാത്രങ്ങളായ ബാപ്പൂട്ടിയും നബീസുവുമെല്ലാം ഒപ്പമുണ്ട്. പക്ഷേ,​ സ്ഥലം നീളാ തീരമല്ല,​ മലങ്കര ജലാശയത്തിനരികെയായിരുന്നു. തൊടുപുഴയ്ക്കടുത്ത് കുടയത്തൂരിലെ സിനിമാ ലോക്കേഷനിൽ നവതിയിലേക്ക് ചുവടുവയ്ക്കുന്ന മലയാള സാഹിത്യ ലോകത്തെ കുലപതി എം.ടി വാസുദേവൻ നായരുടെ ജന്മദിനാഘോഷം ലളിതമായി നടന്നു. എം.ടിയുടെ തിരക്കഥയിൽ 1969ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും" സിനിമ അരനൂറ്റാണ്ടിന് ശേഷം പ്രിയദർശൻ ടീം റീമേക്ക് ചെയ്യുകയാണ്. മോഹൻലാൽ ബാപ്പൂട്ടിയും ദുർഗാകൃഷ്ണ നബീസുവുമായി വേഷമിടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിവസങ്ങളായി തൊടുപുഴയുടെ പരിസരപ്രദേശങ്ങളിലാണ് നടക്കുന്നത്. ഇന്നലെ രാവിലെ സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ കൂടിയായ മകൾ അശ്വതിക്കൊപ്പമാണ് എം.ടി ലൊക്കേഷനിലെത്തിയത്. ഉച്ച വരെ അദ്ദേഹം ഷൂട്ടിംഗ് സെറ്റിൽ തന്റെ പ്രിയ കഥാപാത്റങ്ങൾക്കൊപ്പം ചെലവഴിച്ചു. ഒരു മണിയോടെ ഷൂട്ടിംഗിന് ഇടവേള നൽകി. ചെളിനിറഞ്ഞ മണ്ണിലൂടെ മുണ്ടുമടക്കി കുത്തി എം.ടി വേദിയിലേക്ക് നടന്നെത്തി. മോഹൻലാൽ, പ്രിയദർശൻ, ക്യാമറാമാൻ സന്തോഷ് ശിവൻ, നടി ദുർഗ കൃഷ്ണ, ഹരീഷ് പേരടി, സുരഭി ലക്ഷ്മി, ശ്രീകാന്ത് മുരളി എന്നിവർക്കൊപ്പം​ മറ്റ് നടീനടന്മാരും കലാകാരന്മാരും ഒപ്പം ചേർന്നു. വേദിയിലൊരുക്കിയ പിറന്നാൾ കേക്ക് എം.ടി മുറിച്ചു. ഇതിന് ശേഷം ലൊക്കേഷനിൽ ഒരുക്കിയ പിറന്നാൾ സദ്യയും ഏവർക്കുമൊപ്പം അദ്ദേഹം കഴിച്ചു. രണ്ട് മണിയോടെ ലൊക്കേഷനിൽ എം.ടി നിന്ന് മടങ്ങി.

ക്യാപ്ഷൻ: എം.ടി. വാസുദേവൻ നായരുടെ 89-ാം ജന്മദിനാഘോഷം തൊടുപുഴയ്ക്കടുത്ത് കുടയത്തൂരിലെ 'ഓളവും തീരവും" ഷൂട്ടിംഗ് സൈറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചപ്പോൾ. നടൻ മോഹൻലാൽ,​ സംവിധായകൻ പ്രിയദർശൻ,​ മകൾ അശ്വതി,​ നടി സുരഭി ലക്ഷ്മി,​ ക്യാമറാമാൻ സന്തോഷ് ശിവൻ എന്നിവർ സമീപം ഫോട്ടോ: ബാബു സൂര്യ