കട്ടപ്പന: വിലക്കയറ്റം കുട്ടികളുടെ ഉച്ചഭക്ഷണ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നു. ചിലവാകുന്ന തുകയുടെ പകുതി പോലും ലഭിക്കുന്നില്ലെന്നാണ് അദ്ധ്യാപകർ പറയുന്നത്.വിദ്യാലയങ്ങൾ തുറന്ന് ഒരു മാസം പിന്നിടുമ്പോൾ ഉച്ചക്കഞ്ഞി വിതരണം താറുമാറായ അവസ്ഥയിലാണ്.പാചക വാതക വില വർദ്ധനവും പച്ചക്കറിയുടേയും പലവ്യഞ്ജനങ്ങളുടേയും ദിനംപ്രതിയുള്ള വിലക്കയറ്റവും ഉച്ചക്കഞ്ഞി വിതരണ ചുമതലയുള്ള അദ്ധ്യാപകരെ കടക്കെണിയിലാക്കുകയാണ്.ആയിരം കുട്ടികളുള്ള ഒരു വിദ്യാലയത്തിൽ ആദ്യത്തെ 150 കുട്ടികളിൽ ഒരു കുട്ടിക്ക് 8 രൂപ വീതവും ബാക്കി വരുന്ന 350 കുട്ടികൾക്ക് ഒരു കുട്ടിക്ക് 7 രൂപ വീതവും ബാക്കി അഞ്ഞൂറ് കുട്ടികൾക്ക് ഒരു കുട്ടിക്ക് 6 രൂപ വീതവുമാണ് സർക്കാരിൽ നിന്നും ലഭിച്ചു വന്നിരുന്നത്.എന്നാൽ കൊവിഡിനെ തുടർന്ന് മൂന്ന് ബാച്ചുകളായാണ് സ്‌കൂളുകൾ നിലവിൽ പ്രവർത്തിച്ചു വരുന്നത്.ഈ സാഹചര്യത്തിൽ മൂന്നിൽ ഒന്ന് കുട്ടികൾക്ക് മാത്രമേ ഉച്ചഭക്ഷണ തുക ലഭിക്കുന്നുള്ളു. ഇതാണ് ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിലാകാൻ കാരണം.ഒന്ന് മുതൽ 150 വരെ കുട്ടികൾക്ക് ഒരാൾക്ക് പ്രതിദിനം എട്ട് രൂപയാണ് സർൃക്കാർ നൽകുന്നത്. 151 മുതൽ 500 വരെ ഏഴും 501ന് മുകളിൽ കുട്ടികൾക്ക് ആറ് രൂപയുമാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്.നിലവിൽ അധ്യാപകർ തങ്ങളുടെ ശമ്പളത്തിൽ നിന്നാണ് ഉച്ചക്കഞ്ഞിക്ക് ആവശ്യമായ തുക നൽകുന്നത്.പല സ്‌കൂളിലും കുട്ടികളെ പിടിച്ച് നിറുത്താൻ സ്‌കൂൾ ബസുകളുടെയും മറ്റും ഫീസിന്റെ പകുതി അധ്യാപകരാണ് വഹിക്കുന്നത്.ഡിവിഷൻ നഷ്ടപ്പെട്ട് ജോലി നഷ്ടപ്പെടാതെയിരിക്കാൻ പരമാവധി കുട്ടികളെയെത്തിക്കാനാണ് ഇത്തരം സൗകര്യം നൽകുന്നത്.ഇതിനിടയിലാണ് ഉച്ചഭക്ഷണ വിതരണത്തിനും ഫണ്ട് നൽകേണ്ട സ്ഥിതി വന്നതെന്ന് പ്രഥമാധ്യാപകർ പറയുന്നു.
• പാചക വാതകംകൊണ്ട് പാകം ചെയ്യണം
പാചക വാതകം ഉപയോഗിച്ച് മാത്രമേ ഭക്ഷണം പാചകം ചെയ്യാവൂ എന്നാണ് നിബന്ധന. കഴിഞ്ഞ ആഴ്ച്ചയും വില ഉയർന്നതോടെ ഒരു സിലിണ്ടറിന് വില 1100 രൂപ.അഞ്ഞൂറ് കുട്ടികൾ ഉള്ള ഒരു സ്‌കൂളിൽ പാചക വാതകത്തിന് മാത്രം മാസം പതിനായിരം രൂപ വേണം.ജൂൺ മാസത്തെ ചിലവ് തുക ഇതുവരെയും ലഭിക്കാത്ത അവസ്ഥയുമുണ്ട്.കഴിഞ്ഞ അധ്യയന വർഷം ഏപ്രിൽ 1 ന് ഭക്ഷണം കൊടുത്ത വകയിലുള്ള തുകയും ഇതുവരെയും നൽകിയിട്ടില്ല.ആഴ്ചയിൽ പാലിന് മാത്രം ഒരു കുട്ടിക്ക് 18 രൂപ ചിലവാകും.മുട്ടയ്ക്ക് 6 രൂപയും ചിലവ് വരും.എന്നാൽ ആകെ ലഭിക്കുന്നത് 40 രൂപ മാത്രം. ബാക്കി 16 രൂപ ഉപയോഗിച്ച് 5 ദിവസം രണ്ട് കൂട്ടം കറിയും നൽകണം ബാക്കി തുകയ്ക്ക് ഗ്യാസ് ,എണ്ണ, തേങ്ങ എന്നിങ്ങനെ നീളുന്നു ചിലവുകൾ.