വണ്ണപ്പുറം: മാളികയ്ക്കപ്പടി - ഗൾഫ്നഗർ കുരുശുപള്ളി ബൈപാസ് റോഡിന്റെ നിർമ്മാണം വർഷങ്ങളായി മുടങ്ങി കിടക്കുന്നതിൽ പ്രദേശവാസികൾക്ക് വ്യാപകമായ പ്രതിഷേധം. റോഡിന്റെ നിലവിലുള്ള ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ല എന്ന പരാതിയാണുള്ളത്. വണ്ണപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെടുന്ന റോഡ് വികസിപ്പിച്ചാൽ വാർഡിന്റെ ഉൾ പ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായ ആളുകൾക്ക് എളുപ്പത്തിൽ ബസ് ഗതാഗത സൗകര്യമുള്ള റോഡിൽ എത്തിച്ചേരാൻ കഴിയും. കുഞ്ഞപ്പൻ പാറ, പൂച്ചാലിപ്പടി തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്കും ബൈപാസ് റോഡ് ഏറെ ഗുണകരമാകും. റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തിൽ പണിതാൽ പ്രധാന റോഡിന് സാമാന്തര പാതയായും ഉപയോഗിക്കാനും കഴിയും. റോഡ് നിർമ്മാണം ഉടൻ പൂർത്തീകരിച്ച് സഞ്ചാര യോഗ്യമാക്കാൻ അധികൃതർ ഇടപെടൽ നടത്തണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.