gyap

മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയിൽ ദേവികുളം ഗ്യാപ്‌റോഡിൽ വീണ്ടും മലയിടിച്ചിൽ. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയുണ്ടായ മലവെള്ളപാച്ചിലിനെ തുടർന്ന് മുകൾ ഭാഗത്തെ കല്ലും മണ്ണും ഉൾപ്പെടെ റോഡിൽ പതിച്ചത്. ഇതേ തുടർന്ന് ഇത് വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. റോഡിലെ മണ്ണും കാല്ലും നീക്കുന്നതിന് മൂന്ന് ദിവസത്തിലധികം സമയം വേണ്ടി വരുമെന്നാണ്‌ ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. മഴ തുടരുന്നതിനാൽ അപകട ഭീഷണിയുണ്ട്. അതു കൊണ്ട് ഉടൻ ഇവിടെ നിന്ന് കല്ലും മണ്ണും നീക്കാൻ തടസമുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2017ൽ ദേശീയ പാത നവീകരണം ആരംഭിച്ചശേഷം ഇതു വരെ അര ഡസനോളം മലയിടിച്ചിലുകളാണ് ഗ്യാപ്‌റോഡിൽ മാത്രം ഉണ്ടായത്. 2018 സെപ്തംബറിലും 2019 ജൂൺ 17 നും ജൂലൈ 28 നും ഒക്ടോബർ എട്ടിനും ഗ്യാപ്‌റോഡിൽ മലയിടിഞ്ഞ് ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെട്ടു. 2019 ഒക്ടോബർ എട്ടിനുണ്ടായ മലയിടിച്ചിലിൽ റോഡ് നിർമാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന മണ്ണ് മാന്തി യന്ത്രത്തിന്റെ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ അപകടത്തിൽപ്പെട്ട് മരിച്ചു. 2019 ഒക്ടോബർ 11 നും ഗ്യാപ്‌റോഡിൽ മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.