സുരക്ഷയൊരുക്കാൻ എണ്ണൂറോളം പൊലീസ് ഉദ്യോഗസ്ഥർ
തൊടുപുഴ: ഇന്ന് നടക്കുന്ന തൊടുപുഴ കാർഷിക വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിന് പൊലീസ് ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ. 17ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ തൊടുപുഴ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന വോട്ടെടുപ്പിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ നേരിടാൻ എണ്ണൂറോളം പൊലീസുകാരെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസാമിയുടെ നേതൃത്വത്തിൽ ആറ് ഡിവൈ.എസ്പിമാർ, 20 സി.ഐമാർ, 115 എസ്.ഐമാർ, 541 സിവിൽ പൊലീസ് ഓഫീസർമാർ, 65 വനിത സിവിൽ പൊലീസ് ഓഫിസർമാർ എന്നിവരുടെ സംഘത്തെയാണ് വോട്ടെടുപ്പ് ദിവസം സുരക്ഷയ്ക്കായി സജ്ജാക്കിയിരിക്കുന്നത്. ഇതൂകുടാതെ ജല പീരങ്കി, ഗ്രനേഡ്, സി.സി.ടി.വി കാമറകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത തൊടുപുഴ സ്റ്റേഷനിൽ തെളിവെടുപ്പ് നടത്തിയിരുന്നു. കഴിഞ്ഞ മേയ് 14ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷൻ പരിസരത്തെ സംഘർഷവും കൈയ്യാങ്കളിയും മൂലം മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന്, സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിയാലോചിച്ച് സഹകരണ സംഘം നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി നിർദേശിച്ചു. സഹകരണ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ സമാധാനപരമായി വോട്ടെടുപ്പ് നടത്താനാവശ്യമായ എല്ലാവിധ സഹായവും ഉറപ്പാക്കാൻ ദക്ഷിണമേഖല ഐ.ജി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇടുക്കി എസ്.പി എന്നിവർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 17ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനമായത്. മേയ് 14ന് വോട്ടെടുപ്പ് ദിവസമുണ്ടായ സംഘർഷത്തിൽ വനിത സിവിൽ പൊലീസ് ഓഫിസർ ഉൾപ്പെടെ ഏതാനും പേർക്ക് പരിക്കേൽക്കുകയും മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
ഗതാഗത നിയന്ത്രണവുമുണ്ട്
തിരഞ്ഞെടുപ്പ് ദിവസം മങ്ങാട്ടുകവല മാർക്കറ്റ് റോഡ് പൊലീസിന്റെ ഗതാഗത നിയന്ത്രണത്തിലായിരിക്കും. കൂടാതെ വോട്ട് ചെയ്യുന്നവർക്ക് പൊലീസ് അസിസ്റ്റന്റ് ആവശ്യം ഉള്ളവർക്കായി ഇലക്ഷൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 04862 227472, 112, 9497961900 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ.