കട്ടപ്പന: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മെഡിസെപ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന സഹകരണ ആശുപത്രിയിൽ നടന്നു.ധനമന്ത്രി കെ.എൻ ബാലഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു.മെഡിസെപ്പിനായി സർക്കാർ ജീവനക്കാരിൽ നിന്നും മാസം 500 രൂപ ഈടാക്കുന്നതിനെ ചിലർ വിമർശിക്കുന്നുണ്ടെന്നും അത് കാര്യമാക്കുന്നില്ലെന്നും അദേഹം പറഞ്ഞു.സംസ്ഥാനത്ത് ജീവനക്കാരും പെൻഷൻകാരുമായി 11.35 ലക്ഷം ആളുകൾക്ക് ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാൻ സാധിക്കും.ഇവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 35 ലക്ഷം ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ഹൈറേഞ്ചിൽ കട്ടപ്പന,തങ്കമണി ആശുപത്രികളിലാണ് നിലവിൽ മെഡിസെപ് സേവനങ്ങൾ ലഭിയ്ക്കുക. എം.എം.മണി എം.എൽ.എ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ്,സ്വാഗത സംഘം ചെയർമാൻ വി.ആർ.സജി. സഹകരണ ആശുപത്രി പ്രസിഡന്റ് കെ.ആർ സോദരൻ , ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ സജി തടത്തിൽ,കെ.പി.സുമോദ്,കെ.ജെ.ഷൈൻ,ആൽബിൻ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.