കട്ടപ്പന: നഗരസഭയിലെ അംഗനവാടികൾക്ക് വേണ്ടിയുള്ള പദ്ധതികൾ നടപ്പാക്കാൻ വിമുഖത കാണിക്കുന്ന ഭരണപക്ഷ തീരുമാനങ്ങൾക്കെതിരെ എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. ഇതേചൊല്ലി കൗൺസിൽ യോഗം എൽ.ഡി.എഫ് അംഗങ്ങൾ ബഹിഷ്‌കരിച്ചു. എന്നാൽ അജണ്ടയിൽ ഇല്ലാത്ത കാര്യം ഉന്നയിച്ചു കൊണ്ടാണ് പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം നടത്തിയതെന്ന് ഭരണകക്ഷി അംഗങ്ങളും പറഞ്ഞു. നഗരസഭയിലെ കല്ലുകുന്നു അംഗൻവാടിയാണ് എല്ലാ അംഗൻവാടികളുടെയും സെന്ററായി പ്രവർത്തിക്കുന്നത്. കൗൺസിൽ യോഗത്തിൽ ഈ അംഗൻവാടി സ്മാർട്ട് അംഗൻവാടിയായി ഉയർത്തണമെന്ന ആവശ്യം ഉന്നയിക്കുകായയിരുന്നു. എന്നാൽ കൗൺസിൽ യോഗം ഇക്കാര്യം പരിഗണനക്കെടുക്കാതെവന്നതോടെയാണ് എൽ.ഡി.എഫ് യോഗം ബഹിഷ്‌കരിച്ചത്. സ്മാർട്ട് അംഗൻവാടിയാക്കുന്നതിനായി ശിശു വികസന വകുപ്പിൽ നിന്ന് 20 ലക്ഷം രൂപയും മന്ത്രി റോഷി അഗസ്റ്റിന്റെ വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. നഗരസഭയുടെ ഭാഗത്ത് നിന്ന് 40 ശതമാനം പദ്ധതി വിഹിതം കൂടി ഉപയോഗിച്ചു മാത്രമേ പദ്ധതി പൂർത്തീകരിക്കാനാകൂ. നിരവധി തവണ ഇത് സംബന്ധിച്ച് ഭരണസമിതിയോട് പറഞ്ഞിരുന്നെങ്കിലും നാളിതുവരെയും യാതൊരുവിധ തീരുമാനങ്ങളും എടുത്തിട്ടില്ലെന്നും എൽ.ഡി.എഫ് ആരോപിച്ചു.