cpi

തൊടുപുഴ: ജാതിയുടെയും മതത്തിന്റെയും പേരിൽ രാജ്യത്തെ വിഭജിക്കാനുള്ള ഗൂഢ നീക്കമാണ് മോദി ഭരണകൂടം നടത്തുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കുമാരമംഗലത്ത് സി.പി.ഐ തൊടുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭക്ഷണത്തിന്റെ പേരിൽ ജാതിയും മതവും തിരിച്ച് ആളുകളെ തെരുവുകളിൽ ക്രൂരമായി അക്രമിച്ച് കൊല്ലുകയാണ് സംഘപരിവാരങ്ങൾ. മോദിയും കൂട്ടരും ഭരണഘടനയെ പോലും മാനിക്കാതെയാണ് മന്നോട്ട് പോകുന്നത്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കേണ്ട സമയമാണിത്. കുത്തക മുതലാളിമാർക്കായി നിയമങ്ങൾ മാറ്റി എഴുതപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊതുമേഖല സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റുതുലച്ച മോഡി ഇന്ത്യയെ തന്നെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും പെരുകുമ്പോൾ മോദി ഭരണകൂടം മൗനവ്രതത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ പാർട്ടിയിലെ മുതിർന്ന നേതാവ് പി.കെ പുരുഷോത്തമൻ നായർ പതാക ഉയർത്തി. സംസ്ഥാന കൗൺസിലംഗം കെ. സലിംകുമാർ, മുൻ എം.എൽ.എ ഇ.എസ്. ബിജിമോൾ, മണ്ഡലം സെക്രട്ടറി പി.പി. ജോയി, വി.ആർ. പ്രമോദ്, മുഹമ്മദ് അഫ്‌സൽ, എബി ഡി കോലോത്ത്, ഇ.കെ. അജിനാസ് തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.