പീരുമേട്: വള്ളക്കടവിൽ തുടർച്ചയായ മൂന്നാം ദിവസവും ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. വണ്ടിപ്പെരിയാർ വള്ളക്കടവ് മേലേപ്പറമ്പിൽ ജംഗ്ഷനിൽ തോട്ടങ്കര വീട്ടിൽ തോമസ് മാത്യുവിന്റെ പുരയിടത്തിലാണ് ഇന്നലെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചത്. ഇന്നലെ വള്ളക്കാവ്അസീസ് മൺസിലിൽ ഖദീജ ബീവിയുടെ പുരയിടത്തിൽ കിട്ടാന കയറി കൃഷിയും ദേഹണ്ഡങ്ങളും നശിപ്പിച്ചു. ഏതാനും ആഴ്ചകൾക്ക് ക്കു മുമ്പ് തങ്കമല, എച്ച്.പി.സി. ചപ്പാത്ത്, പ്രദേശങ്ങളിലും ജനവാസ മേഖലയിൽ കർഷകരുടെ കൃഷി നശിപ്പിക്കുകയുണ്ടായി കാട്ട് പന്നി, കാട്ടുപോത്ത്, മ്ലാവ്, തുടങ്ങിയ വന്യ മൃഗങ്ങളുടെ ശല്യം ഒരു നിത്യ സംഭവ മായി മാറിയിരിക്കയാണ്. വന്യമൃഗങ്ങളിൽ നിന്നും മോചനം ലഭിക്കുന്നതിന് വനം വകുപ്പ് സ്ഥിരം സംവിധാനം നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പെൻസിങ് സ്ഥാപിക്കുകയോ ട്രഞ്ച് നിർമ്മിക്കുകയോ ചെയ്താൽ ഒരു പരിധിവരെ വന്യമൃഗ ശല്യത്തിൽ നിന്ന് രക്ഷനേടാൻ കഴിയും. നാട്ടുകാർ സംഘടിച്ച് ഡി.എഫ്.ഒ. ഓഫീസ് ഉപരോധം ഉൾപ്പെടെ വൻ സമര പരിപാടികൾ നടപ്പിലാക്കാൻ തീരുമാനിച്ചു. കഴിഞ്ഞ ആഴ്ചയിൽ പീരുമേട് പ്ലാക്കത്തടത്ത് കാട്ടാന ഇറങ്ങി പത്തു കർഷകരുടെ കൃഷികൾ നശിപ്പിക്കുകയുണ്ടായി. പ്ലാക്കത്തടം, തോട്ടാപ്പുര, കരണ്ടകപ്പാറ എന്നിവിടങ്ങളിൽ ജനവാസ മേഖലയിൽ വന്യമൃഗ ശല്യം വർദ്ധിച്ചിരിക്കയാണ്. കഴിഞ്ഞ ആഴ്ച കുട്ടിക്കാനം പള്ളിക്കുന്നിൽ രണ്ട് കാട്ട് പോത്തുകൾ സംസ്ഥാന പാതയിൽ ഇറങ്ങി നിന്നിരുന്നു. ഈ പ്രദേശങ്ങളിലെ ജനങ്ങൾ ഭയത്തിലാണ് കഴിയുന്നത്.