revanue

റവന്യു സാക്ഷരത ജില്ലയിൽ തുടക്കമായി

ഇടുക്കി:റവന്യു ഓഫീസുകൾ കമ്പ്യൂട്ടർ വത്ക്കരിക്കുകയും പേപ്പർലെസ് സംവിധാനത്തിലേക്ക് പൂർണ്ണമായി മാറി കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എല്ലാവരേയും റവന്യു സാക്ഷരത ഉള്ളവരാക്കി മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം കുറിച്ചു. മുതിർന്ന പൗരനും വാഴത്തോപ്പ് സ്വദേശിയുമായ ഡി ഔസേപ്പിന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് വീട്ടിലെത്തി റവന്യു സാക്ഷരത സംബന്ധിച്ച വിവരങ്ങളിൽ അവബോധം നൽകുകയും ഓൺലൈനായി കരമടപ്പിക്കുകയും ചെയ്തതോടെ ജില്ലയിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെ ഫലപ്രദമായി വിനിയോഗിച്ച് താഴേതലം മുതൽ റവന്യു സാക്ഷരതയുടെ അവബോധം വ്യാപിപ്പിക്കുന്നതിനായുള്ള ബൃഹത്തായ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ നടക്കും. റവന്യൂ സാക്ഷരത കൈവരിക്കുന്നവർക്ക് മറ്റുള്ളവരുടെ ആശ്രയമില്ലാതെ പോക്കുവരവ്, ടാക്‌സ്, തരംമാറ്റം, ബേസിക് ലാൻഡ് ഇൻഫർമേഷൻ, എൽ ആർ എം അപേക്ഷകൾ ഇവയൊക്കെ സമർപ്പിക്കാനാകും. റവന്യുവുമായി ബന്ധപ്പെട്ട ഭൂമിസംബന്ധമായ അപേക്ഷകൾ, സർട്ടിഫിക്കറ്റ് സംബന്ധിച്ച അപേക്ഷകൾ, ധനസഹായം, പരാതികൾ എന്നിവയും സ്വമേധയ ഓൺലൈൻ ഇടപാടുകൾ നടത്താം. ഈ ഒരു തലത്തിലേക്ക് ആളുകളെ പൂർണ്ണമായി എത്തിക്കുകയെന്നതാണ് റവന്യൂ സാക്ഷരത പ്രവർത്തനങ്ങളുടെ ലക്ഷ്യം. വാഴത്തോപ്പിൽ നടന്ന ചടങ്ങിൽ അഡീഷണൽ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്ബ്, ഡിസ്ട്രിക് ഐ റ്റി സെൽ കോർഡിനേറ്റർ അനിൽ കെ. ഐസക്ക്, ഇടുക്കി തഹസീൽദാർ(ഭൂരേഖ) മിനി കെ. ജോൺ തുടങ്ങിയവർ പങ്കെടുത്തു.