മൂന്നാർ: തേയില തോട്ടത്തിന് സമീപം കുഴിയിൽ വീണ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി കടത്തുന്നതിനിടയിൽ വനപാലകരുടെ പിടിയിലായ അഞ്ച് പേർ റിമാൻഡിലായി. തലയാർ എസ്റ്റേറ്റിൽ താമസിക്കുന്ന രാമർ (30), അമൃത രാജ് (36), ആനന്ദകുമാർ (38), കറുപ്പുസാമി (46), രമേശ് (36) എന്നിവരാണ് റിമാൻഡിലായത്. ഇവർ തലയാർ എസ്റ്റേറ്റ് തൊഴിലാളികളാണ്. ഇവരിൽ നിന്ന് 80 കിലോ കാട്ടുപോത്തിന്റെ ഇറച്ചിയും പിടികൂടി. തലയാർ എസ്റ്റേറ്റിന് സമീപത്തുള്ള കുഴിയിൽ വീണ കാട്ടുപോത്തിനെ പ്രതികളിലൊരാൾ വെട്ടികൊല്ലുകയായിരുന്നു. തുടർന്ന് ഇറച്ചി വിൽപ്പനയ്ക്കായി കടത്താൻ ശ്രമിക്കുന്നതിനിടെയിലാണ് വനപാലകരുടെ പിടിയിലായത്.