ഇടുക്കി: 126 വർഷം കഴിഞ്ഞ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയോട് അടുത്തതോടെ ഡാമിന്റെ കീഴെയുള്ള പെരിയാർ നിവാസികളുടെ ആശങ്കയും അടിവച്ചുയരുന്നു. ശനിയാഴ്ച വൈകിട്ട് ഏഴിന് ജലനിരപ്പ് 135.4 അടിയിലെത്തിയപ്പോൾ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവുമൊടുവിൽ വിവരം ലഭിക്കുമ്പോൾ 135.8 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. എത്രയും വേഗം ഡാമിന്റെ ഷട്ടറുകൾ തുറന്ന് ആശങ്കയൊഴിവാക്കണമെന്നാണ് പെരിയാർ നിവാസികളുടെ ആവശ്യം. നിലവിൽ വൃഷ്ടി പ്രദേശത്ത് മഴ കുറവായതിനാൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നതിന്റെ ജലത്തിന്റെ അളവ് കുറവാണ്. സെക്കൻഡിൽ 2742 ഘനയടി ജലമാണ് നിലവിൽ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 1867 ഘനയടി വെള്ളം തമിഴ്‌നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. ഇന്നലെ വൃഷ്ടിപ്രദേശങ്ങളായ പെരിയാറിൽ 8.8ഉം തേക്കടിയിൽ 7.8 മില്ലി മീറ്ററും മഴയാണ് പെയ്തത്. മുന്നറിയിപ്പില്ലാതെ അർദ്ധരാത്രി ഡാം തുറക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തേനി കളക്ടറെ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഷീബാ ജോർജ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ വർഷം കേരളത്തിന്റെ അഭ്യർത്ഥന മാനിക്കാതെ നിരവധി തവണയാണ് തമിഴ്നാട് ഡാമിന്റെ ഷട്ടർ ഉയർത്തിയത്. നിലവിൽ പാംബ്ല, കല്ലാർക്കുട്ടി, പൊന്മുടി, മലങ്കര എന്നീ അണക്കെട്ടുകൾ ജില്ലയിൽ തുറന്നിരിക്കുകയാണ്. കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 20 വരെ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ആശങ്കയായി ഇടുക്കിയും
മുല്ലപ്പെരിയാറിന്റെ സ്പിൽവേ ഷട്ടർ തുറന്നാൽ ജലമൊഴുകിയെത്തുന്നത് ഇടുക്കി അണക്കെട്ടിലേക്കാണ്. എന്നാൽ ഇടുക്കിയിൽ രണ്ടടിയിൽ കൂടുതൽ ജലനിരപ്പ് ഉയർന്നാൽ ബ്ലൂ അലർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമാണുള്ളത്. മഴ തുടർന്നാൽ ഇടുക്കിയും തുറക്കേണ്ടി വരും. 2367.68 അടിയാണ് നിലവിലെ ജലനിരപ്പ്. 2377.95 അടിയെത്തിയാൽ അണക്കെട്ട് തുറക്കും. വൃഷ്ടിപ്രദേശത്ത് മഴ ശക്തമാണ്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 34.8 മില്ലി മീറ്റർ മഴയാണ് അണക്കെട്ടിൽ ലഭിച്ചത്.