പീരുമേട്: വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ വള്ളക്കടവിൽ അടിയന്തിരമായി ഫെൻസിംഗ് സ്ഥാപിക്കും. ഇത്സംബന്ധിച്ച് വാഴൂർ സോമൻ എം.എൽ.എ. മുൻകൈ എടുത്ത് വണ്ടിപെരിയാർ വള്ളക്കടവ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ തേക്കടി വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ എന്നിവരുമായി ചർച്ചനടത്തി. നബാർഡിന്റെ സഹായത്തോടെ വള്ളക്കടവ് റേഞ്ചിൽ 20 കിലോ മീറ്ററും തേക്കടി റേഞ്ചിൽ 20 കിലോമീറ്ററും . ഫെൻസിംഗ് നിർമ്മിക്കുന്നതിനാണ് തീരുമാനമായത്.
വണ്ടിപ്പെരിയാർ വള്ളക്കടവിൽ ജനവാസ മേഖലകളിൽ കാട്ടാനയും വന്യമൃഗങ്ങളും നാശം വിതച്ച കൃഷിയിടങ്ങളിലും കർഷകരുടെ വീടുകളിലുംവാഴൂർ സോമൻ എം.എൽ.എ. സന്ദർശനം നടത്തി. വള്ളക്കടവിൽ പെരിയാർ കടുവാസങ്കേതത്തോട്‌ച്ചേർന്ന് കിടക്കുന്നു ജനവാസ മേഖലകളിലെ കൃഷിയിടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസമായി കാട്ടാന തുടർച്ചയായി വ്യാപകമായ കൃഷി നാശമാണ് വരുത്തിയത് .വീട്ടമ്മയായ ഖദീജ തലനാരിഴയ്ക്കാണ് കാട്ടാനയുടെ ആക്രമണത്തിൽനിന്നും രക്ഷപെട്ടത്. വള്ളക്കടവ് ജനവാസ മേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷണമൊരുക്കണമെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് എം എൽ എ സ്ഥലം സന്ദർശിച്ചത്. ജനവാസ മേഖലകളിൽ വന്യമൃഗങ്ങൾ എത്തുന്നത് തടയുന്നതിനായി ശാശ്വത പരിഹാരത്തി നുള്ള നടപടികൾ സ്വീകരിക്കുമെന്ന് വാഴൂർ സോമൻ അറിയിച്ചു.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൺ ഷീലാ കുളത്തുങ്കൽ എന്നിവർ എം എൽ എ യ്‌ക്കൊപ്പം ഉണ്ടായിരുന്നു.