തൊടുപുഴ: അറ്റകുറ്റ പണി നടത്തിയിട്ട് മാസങ്ങൾ കഴിയും മുമ്പ് കാരിക്കോട്- തൊണ്ടിക്കുഴ- കുന്നം റോഡ് തകർന്ന് തരിപ്പണമായതിന് ഉത്തരവാദി ആര്. 2021 മേയ് മാസത്തിലാണ് റോഡ് അവസാനമായി അറ്റകുറ്റപണി നടത്തിയത്. എന്നാൽ ഒരു മാസം കഴിഞ്ഞെത്തിയ ആ മഴക്കാലത്ത് തന്നെ റോഡ് തകരാൻ തുടങ്ങി. നഗരത്തിൽ നിന്ന് ആരംഭിച്ച് ഇടവെട്ടി പഞ്ചായത്തിലൂടെ കടന്ന് വീണ്ടും നഗരസഭയിലെത്തുന്ന 2.8 കി.മീ മാത്രമുള്ള റോഡിൽ ഇപ്പോൾ നിറയെ കുഴികളാണ്. രണ്ടുപാലം, തൊണ്ടിക്കുഴ, ആർപ്പമാറ്റം തുടങ്ങിയ സ്ഥലങ്ങളില്ലെല്ലാം റോഡ് വലിയ കുഴികൾ നിറഞ്ഞ് കിടക്കുകയാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള റോഡിനെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. ദിനവും നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന ഇവിടെ ഗതാഗത കുരുക്കും പതിവാണ്. റോഡാകെ ആധുനിക രീതിയിൽ ബി.എം.ബി.സി നിലവാരത്തിലുള്ള ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യമുള്ള സ്ഥലത്ത് റോഡിനായി സ്ഥലമേറ്റെടുത്ത് കുറഞ്ഞത് ആറ് മീറ്റർ വീതിയിൽ നിർമാണം പൂർത്തിയാക്കണം. റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നാട്ടുകാർ പൊതുമരാമത്ത് മന്ത്രിക്കടക്കം പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നേരത്തെ ഈ വഴിയിലൂടെ സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നു. വഴിയുടെ വീതി കുറവും വഴിയരികിലെ അശാസ്ത്രീയ പാർക്കിങ്ങും മൂലം പലപ്പോഴും ഇവിടെ ഗതാഗത കുരുക്കുകൾ ഉണ്ടാകാറുണ്ട്. റോഡ് നന്നാക്കുമെന്ന് പൊതുമരാത്ത് ഉറപ്പ് നൽകുമ്പോഴും ഓരോ വർഷം 50- 80 ലക്ഷം രൂപ വരെയാണ് യാതൊരു ഗുണവുമില്ലാതെ ഇവിടെ ചിലവഴിക്കുന്നത്.
പൈപ്പ് പൊട്ടി കുഴിയും വെള്ളക്കെട്ടും
ഇവിടെ അടുത്തകാലത്ത് ഒരു ഡസണിലധികം സ്ഥലത്താണ് പൈപ്പ് പൊട്ടി കുഴികൾ രൂപപ്പെട്ടത്. ഇതിന് പിന്നാലെ കുടിവെള്ള പൈപ്പിടാനായി റോഡിന്റെ അരിക് കുഴിച്ചിട്ടിരിക്കുകയാണ്. തൊണ്ടിക്കുഴയിൽ പഴയ റേഷൻ കട ഇരുന്നതിന് സമീപം റോഡാകെ 25 മീറ്ററോളം നീളത്തിൽ കുഴി നിറഞ്ഞ് വെള്ളം കെട്ടി കിടക്കുകയാണ്. മഴയെത്തുന്നതോടെ ഇവിടെ അര അടിവരെ വെള്ളമുയരും. കുഴികൾ അറിയാതെ എത്തുന്നവർ അപകടത്തിൽപ്പെടുന്നതും പതിവാണ്. സ്ഥലത്ത് റോഡ് പൊക്കി നിർമ്മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മറുവശത്ത് വെള്ളക്കെട്ടായി കിടന്നിരുന്ന ഭാഗം റോഡിന്റെ വീതി കുറച്ച് അടച്ച് കെട്ടിയതോടെയാണ് ഇവിടെ പ്രശ്‌നം തുടങ്ങിയത്.