തൊടുപുഴ: പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് സമ്പൂർണ വിജയം. മത്സരിച്ച 13 യു.ഡി.എഫ് സ്ഥാനാർത്ഥികളും വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥികളായി മത്സരിച്ച റോയ് കെ. പൗലോസ്, പി.ജെ. അവിര, ഷിബിലി സാഹിബ്, ആർ. ജയൻ, എൻ.ഐ. ബെന്നി, കെ. രാജേഷ്, ഇന്ദു സുധാകരൻ (കോൺഗ്രസ്), പി.എൻ. സീതി, കെ.എം. സലിം, സഫിയ ജബ്ബാർ (മുസ്ലിം ലീഗ്), ബൈജു വറവുങ്കൽ, ഷേർളി അഗസ്റ്റിൻ, ടെസ്സി ജോണി (കേരളാ കോൺഗ്രസ്) എന്നിവരാണ് വിജയിച്ചത്. മുൻ ബാങ്ക് പ്രസിഡന്റും കേരള കോൺഗ്രസ് (എം) നേതാവുമായ കെ.ഐ. ആന്റണി ഉൾപ്പടെ ഇടതുപാനലിൽ മത്സരിച്ച എല്ലാവരും പരാജയപ്പെട്ടു. വൻ പൊലീസ് സന്നാഹത്തോടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമിയുടെ നേതൃത്വത്തിൽ എണ്ണൂറോളം പൊലീസ് സേനയെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. കഴിഞ്ഞ മേയ് 14ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും വോട്ടെടുപ്പ് ദിവസം പോളിങ് സ്റ്റേഷൻ പരിസരത്തെ സംഘർഷവും കൈയ്യാങ്കളിയും മൂലം മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന്, സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിയാലോചിച്ച് സഹകരണ സംഘം നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ദക്ഷിണമേഖല ഐ.ജി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇടുക്കി എസ്.പി എന്നിവർക്ക് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിൽ വൻ സുരക്ഷയാണ് പൊലീസ് നഗരത്തിലടക്കം ഏർപ്പെടുത്തിയത്. ഇന്നലെ മങ്ങാട്ടുകവല മുതൽ പുളിമൂട് ജംഗ്ഷൻ വരെയുള്ള റോഡിലൂടെയുള്ള ഗതാഗതം പൊലീസ് പൂർണമായും നിയന്ത്രിച്ചു. വോട്ടിങ് സെന്ററായ ഗവ. ബോയ്‌സ് ഹൈസ്‌കൂളിന് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ചു. വാഹനങ്ങൾ കടത്തിവിട്ടില്ല. ബാങ്കിന്റെ തിരിച്ചറിയൽ കാർഡുള്ളവരെ മാത്രമാണ് അകത്തേക്ക് കടത്തിവിട്ടത്. തൊടുപുഴ നഗരത്തിലെ എല്ലാ ജംഗ്ഷനുകളിലും പൊലീസിനെ വിന്യസിച്ചിരുന്നു. തികച്ചും സമാധാനപരമായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ.