പീരുമേട്: തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്ന് ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ. ജില്ലാ കളക്ടർ ഷീബ ജോർജിന്റെ നിർദേശ പ്രകാരം പീരുമേട്ടിൽ യൂണിയൻ നേതാക്കളുടെയും ഉടമകളുടെയും സംയുക്ത യോഗം ചേർന്ന ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പീരുമേട്ടിലെ ഭൂരിഭാഗം ലയങ്ങളും ശോച്യാവസ്ഥയിലാണ്. ഈ നിലയിൽ മുന്നോട്ട് പോകാൻ അനുവദിക്കാൻ കഴിയില്ല. സർക്കാർ ലയങ്ങളുടെ നവീകരണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പണം വന്നാലുടൻ പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങൾക്ക് മുൻഗണന നൽകി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിലെ ലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ദുരന്ത പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും ജില്ലാ വികസന കമ്മീഷ്ണർ അർജുൻ പാണ്ഡ്യന്റെ അദ്ധ്യക്ഷതയിലായിരുന്നു പ്രാഥമിക യോഗം ചേർന്നത്. എല്ലാ യൂണിയനുകളെയും പ്രതിനിധീകരിച്ച് നേതാക്കൾ എത്തിയിരുന്നു. എന്നാൽ തോട്ടമുടമകൾ ആരും എത്തിയില്ല. മാനേജ്‌മെന്റ് പ്രതിനിധികൾ മാത്രമാണ് യോഗത്തിന് എത്തിയത്. 11 തോട്ടങ്ങളെ മാത്രം പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ചില തോട്ടങ്ങളിൽ നിന്ന് പ്രതിനിധികൾ പോലും എത്താതിരുന്നത് വിമർശനത്തിനുമിടയാക്കി. പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിൽ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തോട്ടം മേഖലയുടെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക യോഗമാണ് നടന്നത്. ആഗസ്റ്റ് രണ്ടിന് വീണ്ടും യോഗം ചേരും. അന്ന് ഉടമകളോട് ഹാജരാകാൻ നിർദ്ദേശിച്ചാണ് യോഗം പിരിഞ്ഞത്.. യോഗത്തിൽ ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻ, ജില്ലാ ലേബർ ഓഫീസർ, പീരുമേട് ഡിവൈ.എസ്.പി സി.ജി. സനിൽകുമാർ, പീരുമേട് തഹസിൽദാർ, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പി.എം. നൗഷാദ്, പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് എസ്. സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. ബിനു, പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ആഫീസർമാർ, വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി.എസ് രാജൻ, ആർ. തിലകൻ, പി.കെ.രാജൻ , എം. ആന്റണി, ആന്റപ്പൻ എൻ. ജേക്കബ്, സതീഷ് .കെ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ, പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ട് തുടങ്ങിയവർ പങ്കെടുത്തു.