തൊടുപുഴ: തുടങ്ങനാട് കിൻഫ്ര ഏറ്റെടുത്തിട്ടുള്ള 15 ഏക്കർ ഭൂമിയിൽ സ്‌പൈസസ് പാർക്ക് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പി.ജെ. ജോസഫ് എം.എൽ.എയുടെ ചോദ്യത്തിനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. 11.28 ഏക്കറിൽ ചെറുകിട ഇടത്തര സുഗന്ധദ്രവ്യ, ഭക്ഷ്യവസ്തു നിർമാണ വ്യവസായങ്ങൾക്കായി വികസിപ്പിച്ച പ്ലോട്ടുകൾ അലോട്ടു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ ക്ലസ്റ്റർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് സുഗന്ധവ്യഞ്ജനങ്ങളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.