കട്ടപ്പന: ഭാര്യാ വീട്ടുകാരുടെ മർദനമേറ്റ് ചികിത്സയിലായ തന്റെ പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്ന് യുവാവ്. വെള്ളയാംകുടി കാണക്കാലിപ്പടി സ്വദേശി ഓമല്ലൂർ സുധീഷാണ് പൊലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കുടുംബ പ്രശ്‌നത്തെ തുടർന്ന് ഭാര്യവീട്ടുകാർ ഏർപ്പെടുത്തിയ സംഘം ഗുണ്ടാത്തലവന്റെ നേതൃത്വത്തിൽ വീട്ടിൽ കയറി തന്നെയും കുടുംബത്തെയും ആക്രമിച്ചിരുന്നു. മാരകമായി പരിക്കേറ്റ താൻ ദിവസങ്ങളോളം ചികിത്സയിലായിരുന്നെന്നും സുധീഷ് പറയുന്നു. മർദ്ദനമേറ്റ അന്ന് ആശുപത്രിയിൽ നിന്ന് സ്റ്റേഷനിലേയ്ക്ക് വിവരം നൽകിയെങ്കിലും കട്ടപ്പന പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. പിന്നീട് ഭാര്യയുടെ ചികിത്സയ്ക്ക് പണം ചോദിക്കാനെന്ന വ്യാജേന ഭാര്യാ വീട്ടുകാർ തന്നെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയ ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ തന്നെ പ്രതിയാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും സുധീഷ്, അച്ഛൻ സുരേഷ്‌കുമാർ, അമ്മ ഗീതമ്മ എന്നിവർ പറഞ്ഞു.