കട്ടപ്പന: 1960ലെ മെഡിക്കൽ അറ്റന്റൻസ് നിയമമനുസരിച്ച് സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആരോഗ്യ പരിരക്ഷ നടപ്പാക്കേണ്ടത് തൊഴിൽ ദാതാവായ സർക്കാരാണെന്നിരിക്കെ മെഡിസെപ് പദ്ധതി സ്വകാര്യ ഇൻഷുറൻസ് കമ്പനിയെ ഏൽപ്പിച്ച് എൽ.ഡി.എഫ് സർക്കാർ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് കേരള എൻ.ജി.ഒ അസോസിയേഷനടക്കമുള്ള വലത് സംഘടനകൾ. ജൂൺ 30വരെ ജീവനക്കാരുടെ വിഹിതമില്ലാതെയും പരിധി നിശ്ചയിക്കാതെയും ആരോഗ്യ പരിരക്ഷ സർക്കാരിൽ നിന്ന് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ പ്രതിവർഷം 6,​000 രൂപ നിർബന്ധപൂർവ്വം നൽകേണ്ടി വരുന്നു. മൂന്ന് ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിതെങ്കിലും വർഷത്തിൽ 5564 രൂപ മാത്രമാണ് സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നൽകുന്നത്. ബാക്കി വരുന്ന 336 രൂപ ഏജന്റായി നിന്ന് കമ്മിഷനായി സർക്കാർ കൈപ്പറ്റുകയാണെന്നും സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തി. ഇത്തരത്തിൽ മെഡിസെപ് പദ്ധതിയിലൂടെ പ്രതിവർഷം 321 കോടി രൂപ ലാഭമുണ്ടാക്കി ജീവനക്കാരെ വഞ്ചിക്കുകയാണ്. സർക്കാർ വിഹിതമില്ലാത്ത പോളിസി ഉടമകളുടെ മാത്രം പങ്കാളിത്തത്തിൽ നടക്കുന്ന പദ്ധതി എങ്ങനെ സർക്കാരിന്റേതാകും. ഇടുക്കിയിൽ തൊടുപുഴ ഒഴിച്ചു നിറുത്തിയാൽ ഹൈറേഞ്ചിൽ ആകെ രണ്ട് ആശുപത്രികളിൽ മാത്രമാണ് മെഡിസെപ് സേവനമുള്ളത്. വിരമിച്ചവർ ഉൾപ്പെടെ പതിനായിരത്തിലധികം ജീവനക്കാർ ഹൈറേഞ്ചിൽ ഉള്ളപ്പോൾ എങ്ങനെ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് സംശയമുണ്ടെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷാജി ദേവസ്യ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഷാജി, കെ.എ. മാത്യു, ഷിഹാബ് പരീത്, കെ.സി. ബിനോയ്, കെ.വി. രാജു, ജി. മോഹനൻ നായർ എന്നിവർ പറഞ്ഞു.