രാജാക്കാട്: ബഫർസോൺ വിഷയത്തിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കുന്ന സി.പി.എം പാർട്ടി മാപ്പ് പറയണമെന്ന് കോൺഗ്രസ്. ആനച്ചാലിൽ വനംവകുപ്പ് ഭൂമി ബഫർ സോൺ ആക്കാൻ വിജ്ഞാപനം ഇറക്കിയിട്ടും സർക്കാർ മൗനം പാലിക്കുന്നതിൽ ദുരുദ്ദേശമുണ്ടെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബഫർസോൺ പ്രഖ്യാപിക്കുന്നതിന് അനുമതി നൽകിയത് എൽ.ഡി.എഫ് സർക്കാരാണ്. നിലവിൽ ബഫർസോൺ പ്രഖ്യാപനത്തിനെതിരെ വില്ലേജ് ഓഫീസുകളിലേയ്ക്ക് ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമമെന്നും ബഫർസോൺ പ്രശ്‌നത്തിൽ വീഴ്ച വരുത്തിയ സി.പി.എം മാപ്പ് പറയണമെന്നും നേതാക്കൾ പറഞ്ഞു. ആനച്ചാലിലെ യൂക്കാലി തോട്ടം റിസർവ് വനമായി പ്രഖ്യാപിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ജനവാസ കേന്ദ്രങ്ങളെ വനമാക്കി മാറ്റാനും പിന്നീട് ബഫർസോൺ പ്രഖ്യാപനം നടത്തി ജില്ലയിൽ നിന്ന് ജനങ്ങളെ കുടിയിറക്കാനുമുള്ള നീക്കമാണ് നടക്കുന്നത്. മാങ്കുളം പദ്ധതി പ്രദേശത്ത് നിന്നും 50 കുടുംബങ്ങൾക്ക് സർക്കാർ സ്ഥലം നൽകിയത് ചെങ്കുളത്താണ്. ഇവർക്കും വാസസ്ഥലം ഇല്ലാതാക്കാനുള്ള നീക്കത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളിൽ കോൺഗ്രസ് പാർട്ടി ശക്തമായ പ്രതിഷേധ പരിപാടികളിലേയ്ക്ക് നീങ്ങുമെന്ന് ഒ.ബി.സി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.ആർ പ്രകാശ്, കോൺഗ്രസ് ഉടുമ്പൻചോല ബ്ലോക്ക് ജനറൽ സെക്രട്ടറി ജോഷി കന്യാക്കുഴി, അടിമാലി ബ്ലോക്ക് ജനറൽ സെക്രട്ടറി ബിനോയി ചെറുപുഷ്പം, ബൈസൺവാലി ഗ്രാമപഞ്ചായത്തംഗം സന്തോഷ് ഭാസ്‌കരൻ എന്നിവർ പറഞ്ഞു.