gopi
കേരള ബാങ്ക് വാഴത്തോപ്പ് ശാഖയുടെ നവീകരിച്ച ഓഫീസിന്റെ പ്രവർത്തനോദ്ഘാടനം പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവ്വഹിക്കുന്നു

വാഴത്തോപ്പ്: കാലഘട്ടത്തിന് അനുസൃതമായി കേരള ബാങ്ക് വളർച്ചയുടെ പാതയിൽ ഏറെ മന്നേറിയതായി പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കേരള ബാങ്ക് വാഴത്തോപ്പ് ശാഖയുടെ നവീകരിച്ച ഓഫീസിന്റെ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. പ്രവർത്തന പരിമിതിയെ മറികടന്ന് മികച്ച നേട്ടത്തിലാണ് ബാങ്കിന്റെ ഇപ്പോഴത്തെ അവസ്ഥ. ബി ദ നമ്പർ വൺ കാമ്പയിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ ഏറെ മുന്നിലേക്കെത്താൻ കേരളാ ബാങ്കിനായി. ജീവനക്കാരുടെ ചിട്ടയായ പ്രവർത്തനത്തിലൂടെ നാല് മാസം കൊണ്ട് 6000 കോടി രൂപയുടെ കുടിശിഖ പിരിച്ചെടുത്തത് റേക്കോഡ് നേട്ടമാണ്. ആധുനികവത്കരണത്തിന്റെ ഭാഗമായി മൊബൈൽ ബാങ്കിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങളിലേക്ക് ബാങ്ക് കടന്നു. ഇതിനായി വിപ്രോയുമായി 300 കോടിയുടെ കരാറിൽ ഏർപ്പെട്ടതായും അദ്ദേഹം പറഞ്ഞു. തടിയമ്പാട് മട്ടയ്ക്കൽ ബിൽഡിംഗിലാണ് നവീകരിച്ച ശാഖ പ്രവർത്തനം തുടങ്ങിയത്. സംസ്ഥാനത്തൊട്ടാകെ നവീകരിച്ച ബ്രാഞ്ചുകൾ ഇടപാടുകാരുടെ സൗകര്യാർത്ഥം കെട്ടിടങ്ങളുടെ താഴെ നിലയിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഓഫീസ് മാറ്റം. ബാങ്ക് ഡയറക്ടർ കെ.വി. ശശി ചടങ്ങിൽ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ മികച്ച ഇടപാടുകാരെ ആദരിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് പോൾ നിക്ഷേപം സ്വീകരിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ വായ്പാ വിതരണം നടത്തി. കോട്ടയം റീജിയണൽ ഓഫീസ് ജനറൽ മാനേജർ പ്രിൻസ് ജോർജ്ജ് സ്വാഗതം പറഞ്ഞു. ഇടുക്കി ജോയിന്റ് രജിസ്ട്രാർ (ജനറൽ) ജോസ്സാൽ ഫ്രാൻസിസ് തോപ്പിൽ, സി.പി.സി ഇടുക്കി ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എസ്. സജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം ആൻസി തോമസ്, ഗ്രാമപഞ്ചായത്തംഗം ആലീസ് ജോസ്, കുടുംബശ്രീ ചെയർപേഴ്‌സൺ വിജമോൾ കണ്ണൻ, തങ്കമണി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വാഴത്തോപ്പ് എസ്.സി.ബി പ്രസിഡന്റ് പി.കെ. വിജയൻ, കെ.വി.വി.ഇ.എസ് പ്രസിഡന്റ് കെ.എ. ജോൺ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഓമന ശ്രീധരൻ, റോയി ജോസഫ്, അലൻ ഫ്രാൻസിസ്, ജേക്കബ് പിണക്കാട്ട്, ടോമി കൊച്ചുകുടി എന്നിവർ സംസാരിച്ചു. ശാഖാ മാനേജർ കെ.വി. രമ ചടങ്ങിൽ നന്ദി പറഞ്ഞു.