മൂലമറ്റം: കനത്ത മഴയിൽ മൂലമറ്റം ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂകൂളിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞു. ഇന്നലെ പുലർച്ചെ 5.30 മണിയോടെയാണ് സംഭവം. ഭിത്തി ഇടിഞ്ഞതോടെ ഇതിനോട് ചേർന്നുള്ള വൻ മരങ്ങളും കടപുഴകി നിലം പൊത്താനുള്ള സാധ്യതയേറി. മരങ്ങൾ കടപുഴകിയാൽ മൂലമറ്റം- തൊടുപുഴ റൂട്ടിലെ ഗതാഗതം സ്തംഭിക്കും. കൂടാതെ മരങ്ങൾക്ക്‌ സമീപത്തുള്ള വൈദ്യുതി ലൈനുകൾ തകരുകയും വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യും. സ്കൂളിലേക്ക് പ്രവേശിക്കുന്നതിന്റെ ഏതാനും ഭാഗം ഒരു വർഷം മുമ്പ് കാലവർഷക്കെടുതിയിൽ ഇടിഞ്ഞ് പോയിരുന്നു. ഇത്‌ സംബന്ധിച്ച് സ്കൂൾ അധികൃതരും പ്രദേശവാസികളും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി, പൊതുമരാമത്ത്, റവന്യൂ, ജില്ലാ പഞ്ചായത്ത്‌ അധികൃതരെ നിരവധി തവണ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വ്യാപകമായ ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. കാലപഴക്കത്താൽ സംരക്ഷണ ഭിത്തിക്ക് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. കരിങ്കൽ കെട്ടിനോട് ചേർന്ന് വലിയ മരങ്ങൾ നിൽക്കുന്നതിനാൽ ഇവയുടെ വേരുകൾ കെട്ടിനുള്ളിലേക്ക് ഇറങ്ങി അപകട സാധ്യതയും ഏറെയാണ്. മരങ്ങൾ വെട്ടിമാറ്റി കോൺക്രീറ്റ് ചെയ്താലേ സംരക്ഷണ ഭിത്തി നിലനിൽക്കൂ. സംരക്ഷണഭിത്തി ഇടിഞ്ഞു കൊണ്ടിരുന്നപ്പോൾ സമീപവാസിയായ ഒരാൾ ഇന്നലെ രാവിലെ കളക്ട്രേറ്റിലെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഓഫീസിൽ ആരും ഫോൺ എടുത്തില്ലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കൽപ്പടവുകളിൽ കിടന്നിരുന്ന വലിയ കല്ലുകൾ ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ നീക്കം ചെയ്താണ് നടന്ന് പോകാനുള്ള താത്കാലിക സംവിധാനം ഒരുക്കിയത്. സ്കൂൾ ഗ്രൗണ്ടിൽ വെള്ളം കെട്ടികിടന്നാണ് കൽക്കെട്ട് ഇടിയുന്നത്. ജില്ലാ പഞ്ചായത്തിനാണ് ഹൈസ്കൂളുകളുടെ ചുമതല. ഹയർസെക്കൻഡറി സ്‌കൂളിനോട് ചേർന്നാണ് ഹൈസ്കൂളും പ്രവർത്തിക്കുന്നത്. നൂറു കണക്കിന് കുട്ടികൾ പഠിക്കുന്ന ഇവിടെ ആവശ്യത്തിന് ഗ്രൗണ്ട് ഉണ്ടങ്കിലും ചുറ്റിലും വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയാണ്.