നെടുംകണ്ടം: വ്യാജ സംഘടനയുടെ പേരിൽ മാംസ വ്യാപാരികളിൽ നിന്ന് അനധികൃതമായി പണം പിരിക്കുന്നതായി പരാതി. ആനിമൽ ഹെൽത്ത് ഓർഗനൈസേഷൻ എന്ന സംഘടനയുടെ പേരിലാണ് വ്യാപാരികളെ സമീപിക്കുന്നത്. നെടുങ്കണ്ടം പഞ്ചായത്ത് പരിധിക്കുള്ളിലെ മാംസ വ്യാപരികളിൽ നിന്നാണ് ഭീഷണിപ്പെടുത്തി പണം സമാഹരിക്കുന്നത്. ഇത് സംബന്ധിച്ച് പട്ടംകോളനി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. പ്രശാന്ത് നെടുംകണ്ടം പൊലീസിന് റിപ്പോർട്ട് നൽകി. തങ്ങളുടെ സർട്ടിഫിക്കറ്റില്ലാതെ സ്ഥാപനം പ്രവർത്തിക്കാൻ പാടില്ലെന്നും സർട്ടിഫിക്കറ്റിനായി 55,000 രൂപ നൽകണമെന്നും അറിയിച്ചു. തുടർന്ന് ഒരാൾ വ്യാപാരസ്ഥാപനത്തിലെത്തി പണം കൈപ്പറ്റി രസീത് നൽകി. എന്നാൽ ഇതിൽ സംഘടനയുടെ രജിസ്‌ട്രേഷനോ മറ്റ് വിവരങ്ങളോ ഇല്ലായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർ പൊലീസിന് കത്ത് നൽകിയത്.