നെടുങ്കണ്ടം: കഴുത്തിൽ കമ്പി മുറുകി നരകയാതന അനുഭവിച്ച നായയെ രക്ഷിച്ചു. ഒന്നര വർഷം മുമ്പ് കൊവിഡ് പ്രതിസന്ധിയിൽ നാടും നഗരവും അടഞ്ഞുകിടന്നപ്പോൾ തമിഴ്‌നാട്ടിൽ നിന്ന് അതിർത്തി കടന്നെത്തിയതാണ് കോംബൈ ഇനത്തിൽപ്പെട്ട ഈ നായ. ആരോ വെച്ച കുരുക്കിൽ കഴുത്ത് അകപ്പെട്ട നിലയിൽ കഴിഞ്ഞ അഞ്ചുമാസമായി ഈ മിണ്ടാപ്രാണി നരകയാതന അനുഭവിക്കുകയാണ്. ഇക്കാലത്തിനിടെ മൃഗസംരക്ഷണ വകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ് തുടങ്ങിയവരെ ഒക്കെ നായയുടെ അവസ്ഥ ചൂണ്ടിക്കാട്ടി നാട്ടുകാർ സമീപിച്ചിരുന്നെങ്കിലും ഫലം ഒന്നും ഉണ്ടായില്ല. ഇതിനിടയിൽ കഴിഞ്ഞ ദിവസം നായ എട്ടോളം കുഞ്ഞുങ്ങൾക്ക് ജന്മവും നൽകി. നായ കുട്ടികൾക്ക് പാൽ കൊടുക്കുവാൻ പോലും നായ വിഷമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതോടെയാണ് ഇന്നലെ രാവിലെ കോട്ടയത്ത് നിന്നുള്ള ഡോഗ് ക്യാച്ചറെ കരുണാപുരത്ത് എത്തിച്ചത്. കുരുക്ക് മുറുകി കമ്പി കഴുത്തിന് ഉള്ളിലേക്ക് തുളച്ചുകയറിയ അവസ്ഥയിലായിരുന്നു. നെടുങ്കണ്ടത്ത് നിന്ന് മൃഗ ഡോക്ടറെ എത്തിച്ച് കുത്തിവെപ്പ് എടുത്ത് നായയെ മയക്കിയ ശേഷമാണ് കുരുക്ക് പുറത്തെടുക്കാനായത്. തെരുവു നായ ശല്യം രൂക്ഷമായ മേഖലയാണ് ഇവിടം. എന്നാൽ അപകടം പറ്റിയ നായയെ എറിഞ്ഞോടിക്കുകയോ കൊല്ലുകയോ ചെയ്യാതെ മനുഷ്യത്വത്തിന്റെ നേർക്കാഴ്ചയായി കരുണാപുരംകാരുടെ മനസാക്ഷി.