santhanpara
ടി.ജെ. ഷൈന് ആദരാഞ്ജലി അർപ്പിക്കാനെത്തിയ ജനക്കൂട്ടം

രാജകുമാരി: പ്രിയ നേതാവിന്റെ അപ്രതീക്ഷിച്ച വേർപാട് താങ്ങാനാവാത്ത വിഷമത്തിലാണ് ശാന്തമ്പാറ മേഖലയിലെ സി.പി.എം പ്രവർത്തകരും സാധാരണക്കാരും. ശാന്തൻപാറയിൽ സി.പി.എമ്മിന്റെയും ഹൈറേഞ്ച് തോട്ടം തൊഴിലാളി യൂണിയന്റെയും വളർച്ചയ്ക്ക് ഏറെ സംഭാവനകൾ നൽകിയ നേതാവായിരുന്നു ഇന്നലെ അന്തരിച്ച ടി.ജെ. ഷൈൻ. ചെറിയ പ്രായം മുതൽ സി.പി.എം അംഗമായി പ്രവർത്തനമാരംഭിച്ച ടി.ജെ. ഷൈൻ നാല് പതിറ്റാണ്ടോളം കാലം സി.പി.എം സംഘടനാ രംഗത്ത് ഉറച്ച് നിന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ഷൈൻ ആദ്യമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായത്. മികച്ച ഭൂരിപക്ഷത്തോടെ പത്താം വാർഡിൽ നിന്ന് വിജയിച്ച അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിനു ശേഷം വികസന വിഷയങ്ങളിൽ ഏറെ ശ്രദ്ധാലുവായിരുന്നു. ശാന്തൻപാറ ബസ് സ്റ്റാൻഡ് വികസനം, ഗവ. കോളജ് കെട്ടിട നിർമാണം എന്നീ വികസന സ്വപ്നങ്ങൾ ബാക്കി വച്ചാണ് അദ്ദേഹം വിടവാങ്ങുന്നത്.
സംസ്ഥാനത്ത് ആദ്യമായി ഒരു സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്ററിലധികം ബഫർ സോൺ പ്രഖ്യാപിച്ച് അന്തിമ വിജ്ഞാപനം ഇറങ്ങുന്നത് ശാന്തൻപാറ പഞ്ചായത്തിൽ ഉൾപ്പെടുന്ന മതികെട്ടാൻചോല ദേശീയോദ്യാനത്തിലാണ്. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തുടർ നടപടികളിലേക്ക് കടക്കും മുമ്പ് ഇതിനെതിരെ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കുകയും ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തത് ടി.ജെ. ഷൈൻ മുൻകയ്യെടുത്തായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ സദാ ഇടപെട്ടിരുന്ന ടി.ജെ. ഷൈനോട് ജനങ്ങലുടെ സ്നേഹം വിളിച്ചോതുന്നതായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ മൃതദേഹം സി.പി.എം ശാന്തൻപാറ ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വച്ചപ്പോൾ തട്ടികൂടിയ വലിയ ജനക്കൂട്ടം.