തുടങ്ങനാട്: വ്യവസായ പാർക്കിൽ സ്‌പൈസസ് പാർക്കിന് വേണ്ടിയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് പാറ പൊട്ടിക്കുന്നത് കളക്ടർ താത്കാലികമായി തടഞ്ഞു. പാറ പൊട്ടിക്കുന്നതിനെ തുടർന്ന് പ്രദേശവാസികളുടെ വീടുകൾക്ക് നാശം സംഭവിക്കുന്നു എന്നത് സംബന്ധിച്ച് കളക്ടർക്ക് പരാതി ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർ മുട്ടം വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതേ തുടന്നാണ് പാറ പൊട്ടിക്കൽ നിറുത്തി വയ്ക്കാൻ കളക്ടർ നിർദ്ദേശം നൽകിയത്. വ്യവസായ പാർക്കിൽ കിൻഫ്ര ഏറ്റെടുത്ത സ്ഥലത്താണ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നത്. കിൻഫ്രയ്ക്ക് വേണ്ടി കരാർ ഏറ്റെടുത്തവരാണ് നിർമ്മാണ പ്രവർത്തികൾ നടത്തുന്നത്. പാറ പൊട്ടിക്കുന്നതിനെ തുടർന്ന് പ്രദേശത്തെ ഏതാനും വീടുകളുടെ ഭിത്തിക്കും വാർക്കയ്ക്കും ഭീമിനും വിള്ളൽ ഉണ്ടാകുന്നതായിട്ടാണ് പ്രദേശവാസികൾ കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. നാശ നഷ്ടം സംഭവിച്ച രണ്ട് വീടുകൾ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുമാണെന്ന് പരാതിയിൽ പറയുന്നു. പ്രശ്നം സംബന്ധിച്ച് റവന്യൂ വകുപ്പ് അധികൃതർ കിൻഫ്ര എം.ഡിയെയും വിവരം അറിയിച്ചിരുന്നു. പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിലാകും തുടർ പ്രവർത്തികൾ നടത്തൂവെന്ന് എന്ന് കിൻഫ്ര അധികൃതർ വ്യക്തമാക്കി.