പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിലെ ലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനും ദുരന്ത പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനുംജില്ലാ വികസന കമ്മീഷ്ണർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ പീരുമേട് താലൂക്ക് കോൺ ഫറൻസ് ഹാളിൽ യോഗം ചേർന്നു. യോഗത്തിൽ പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു അദ്ധ്യക്ഷത വഹിച്ചു.

ലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, ശുദ്ധജലം, വൈദ്യുതി, സുരക്ഷിതമായ മേൽക്കൂര, ഡ്രൈനേജ് സൗകര്യം എന്നിവ ഉറപ്പുവരുത്തുക, തോട്ടങ്ങളിലെ ദുരന്ത പ്രതിരോധ നടപടികളുടെ അവലോകനം, അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവലോകനം, വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തോട്ടങ്ങളിൽ നിന്നും എൻഒസി ലഭിച്ചിട്ടില്ലാത്ത സാഹചര്യങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് യോഗം ചേർന്നത്.

. തോട്ടം മേഖലയിൽ അനുവദിച്ച 10 കോടി രൂപ തൊഴിലാളികൾക്ക് പ്രയോജനകമായ രീതിയിൽ വിനിയോഗിക്കണം, ലയങ്ങളിൽ നടക്കുന്ന പരിശോധന മികച്ച രീതിയിൽ നടത്തണം, മുഴുവൻ ലയങ്ങളും നന്നാക്കുന്നതിനുള്ള നടപടി ഉണ്ടാകണം, തീരുമാനം എടക്കേണ്ട മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുത്തിട്ടില്ല, ഇത്തരം ഉദാസീന നടപടികൾ അംഗീകരിക്കാൻ കഴിയില്ല,ലയങ്ങളിലെ ചോർച്ച, ശൗചാലയം, മുതലായ പ്രശ്‌നങ്ങളിൽ പരിഹാരം കാണണം, അന്യ സംസ്ഥാന തൊഴിലാളികൾക്ക് ലയങ്ങൾ കൊടുക്കുകയും മറ്റുള്ളവർക്ക് കൊടുക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പ്രശ്‌നം പരിഹരിക്കണമെന്നും ട്രേഡ് യൂണിയൻ പ്രതിനിധികൾ യോഗത്തിൽ ആവശ്യപെട്ടു.

രണ്ടാഴ്ച്ച കൊണ്ട് സംയുക്ത പരിശോധന പൂർത്തിയാക്കാനും നിർദേശം നൽകി.

അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ് , ജില്ലാ പഞ്ചായത്ത് അംഗം കെ ടി ബിനു, ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ്, വണ്ടിപെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ , ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻ ശാലിനി എസ് നായർ, തഹസിൽദാർ സുനിൽ കുമാർ പി ഡി, പീരുമേട് ഡിവൈഎസ് പി സനൽ കുമാർ സിവി, ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാർ, സെക്രട്ടറിമാർ, തോട്ടം മാനേജിംഗ് ഡയറക്ടർമാർ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.