ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യം ഉണ്ടായാൽ സ്വീകരിക്കേണ്ട മുൻകരുതലുകളുടെ ഭാഗമായി അഗ്നി രക്ഷാ സേന ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാർ, വള്ളക്കടവ് എന്നീ ഇടങ്ങളിൽ സന്ദർശനം നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി. രക്ഷാ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ, അസ്‌കാ ലൈറ്റുകൾ, ഡിങ്കി, സ്‌കൂബാ ടീം എന്നിവയാണ് തയ്യാറാക്കിയിരിക്കുന്നത്. ചപ്പാത്ത്, ഉപ്പുതറ, വണ്ടിപ്പെരിയാർ, വള്ളക്കടവ് എന്നിവടങ്ങളിലാണ് സേന കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടുക്കി, കട്ടപ്പന, തൊടുപുഴ, പീരുമേട് എന്നീ നിലയങ്ങളിലെ ടീമുകളെയാണ് ഇവിടങ്ങളിൽ നിയോഗിച്ചിരിക്കുന്നത്. ജില്ലാ ഫയർ ഓഫീസർ കെ.ആർ. അഭിലാഷിന്റെ നിർദേശത്തെ തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർമാരായ ഷാജഹാൻ, പി.കെ. എൽദോസ്, പി. അഷറഫ്, ജാഫർ ഖാൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീമുകളാണ് സന്ദർശനം നടത്തിയത്. കൂടാതെ മഴക്കെടുതി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഇടുക്കി അഗ്‌നി രക്ഷാ നിലയത്തിൽ കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ നമ്പർ: 101, 04862236100, 9497920162.