മൂന്നാർ: മഴ കനക്കുന്നതോടെ ദേവികുളം താലൂക്കിലെ ആദിവാസി ഊരുകളും തോട്ടം മേഖലകളുമടങ്ങുന്ന ഉൾപ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. പലയിടങ്ങളിൽ വൈദ്യുതി വിരുന്ന്കാരൻ മാത്രമായി. വൈദ്യുതി മുടക്കത്തിന് പിന്നാലെ പലയിടത്തും മൊബൈൽ സിഗ്നലും ഇല്ലാതാകുന്നത് ആശയവിനിമയ സംവിധാനങ്ങളെല്ലാം ഇല്ലാതാക്കുകുന്നു. ടൗൺ മേഖലകളിൽ സ്വകാര്യ മൊബൈൽ നെറ്റ്‌വർക്ക് ദാതാക്കൾ ഉണ്ടെങ്കിലും ബി.എസ്.എൻ.എൽ ടവറുകളാണ് ഉൾമേഖലകളിൽ പലയിടത്തും കൂടുതലായി ആശയ വിനിമയം സാധ്യമാക്കുന്നത്. വൈദ്യുതിയും മൊബൈൽ സിഗ്നലും ഇല്ലാതായാൽ രാത്രികാലങ്ങളിലും മറ്റവശ്യഘട്ടങ്ങളിലും മറ്റുള്ളവരെ വിവരമറിയിക്കുക ഏറെ ശ്രമകരമായ ജോലിയായി തീരും. രാത്രികാലങ്ങളിൽ പലയിടത്തും നിലനിൽക്കുന്ന വന്യജീവി ശല്യവും കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്ത് ഉൾമേഖലകളിൽ വൈദ്യുതി മുടക്കമുണ്ടായാലും മൊബൈൽ സിഗ്‌നൽ തടസ്സമില്ലാതെ ലഭിക്കാൻ നടപടി വേണമെന്നാണാവശ്യം. മൊബൈൽ റേഞ്ച് തീരെ ലഭ്യമാക്കാത്ത പ്രദേശങ്ങളും ദേവികുളം താലൂക്കിലുണ്ട്. മഴക്കാലങ്ങളിൽ ഇവിടുത്തെ ആളുകളുടെ പരസ്പരമുള്ള ആശയവിനിമയം ഏറെ പ്രയാസം നിറഞ്ഞതാകും.