കട്ടപ്പന : പെൺകുട്ടികളെ ധീരകളാക്കാൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ച ധീര പദ്ധതിയുടെ കട്ടപ്പന നഗരസഭ നഗരസഭതല ഉദ്ഘാടനം നടന്നു.വൈസ് ചെയർമാൻ ജോയ് ആനിതോട്ടം ഉദ്ഘാടനം നിർവഹിച്ചു.ആയോധന കലകൾ ആഭ്യസിപ്പിച്ച് കൗമാര പെൺകുട്ടികൾക്ക് നിർഭയമായി സഞ്ചരിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.അതിക്രമങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളെ അതിജീവിക്കാൻ കായികമായി പ്രാപ്തരാക്കുന്നതിനും സ്വയം സുരക്ഷ ഉറപ്പ് വരുത്തി ആത്മവിശ്വാസം വർധിപ്പിക്കാനുമാണ് ധീര പദ്ധതി ജില്ലയിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്.

ദുർബല വിഭാഗത്തിലെ കുട്ടികൾ കൂടുതലായുള്ള വണ്ടിപ്പെരിയാർ,കൊന്നത്തടി പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലുമാണ് പദ്ധതി ജില്ലയിൽ ആദ്യമായി നടപ്പിലാക്കുവാൻ ഒരുങ്ങുന്നത്.10 നും 15 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ആയോധന കല പരിശീലിപ്പിച്ച് അതിക്രമങ്ങളെ നേരിടാൻ സ്വയം പ്രാപ്തരാക്കുന്നത്.ഒരു പഞ്ചായത്തിൽ 30 പെൺകുട്ടികളെ വീതം തിരഞ്ഞെടുക്കും,അംഗനവാടികളിൽ രൂപീകരിച്ച വർണ്ണക്കൂട്ട് ക്ലബ് വഴിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്.തുടർന്ന് ഇവർക്ക് ജില്ലാ തലത്തിലോ അല്ലെങ്കിൽ പ്രാദേശിക തലത്തിലോ ആയോധന കലകൾ അഭ്യസിപ്പിക്കുന്നവർ വഴി പരിശീലനം നൽകും.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ വർണ്ണക്കൂട്ട് ക്ലബുകള്‍ വഴി പ്രാഥമികാന്വേഷണം നടത്തി തയ്യാറാക്കിയ പട്ടികയില്‍നിന്ന് ജില്ലാ വനിത ശിശുവികസന ഓഫീസറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശീലനത്തിന് പെണ്‍കുട്ടികളെ തിരഞ്ഞെടുക്കുന്നത്.ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളോടെ ആഴ്ചയില്‍ നാല് മണിക്കൂര്‍ പെൺകുട്ടികൾക്ക് ക്ലാസ് നല്‍കും.ഉദ്ഘാടന ചടങ്ങിൽ മുൻ നഗരസഭ അദ്ധ്യക്ഷ ബീനാ ജോബി,ജില്ലാ ശിശുസംരക്ഷണ ഓഫീസർ എം.ജി ഗീത,ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്.ഗീതകുമാരി,ശിശു വികസന പദ്ധതി ഓഫീസർ പി.കെ രമ, ഐ.സി.ഡി എസ് സൂപ്പർവൈസർ ജാസ്മിൻ ജോർജ് ,നഗരസഭ വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.