കരാറുകാരനിൽ നിന്നുംമണ്ണിടിച്ചിലിന്റെ നഷ്ടം ഈടാക്കും
പീരുമേട്: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ് റൺവേക്കായി സംരക്ഷണ ഭിത്തി നിർമിക്കും,നഷ്ടം കരാറുകാരനിൽ നിന്ന് ഈടാക്കും. വണ്ടിപ്പെരിയാർ സത്രത്തിലെ എയർ സ്ട്രിപ്പിന്റെ റൺവേ കൂടുതൽ ഇടിയാതിരിക്കാൻ പൊതുമരാമത്ത് വകുപ്പ്‌നടപടികൾ തുടങ്ങുന്നു. ഇതിനായി പൊതുമരാമത്തു വകുപ്പ് ചീഫ് എൻജിനീയർ എൽ.ബീനയുടെ നേതൃത്വത്തിലുള്ള സംഘം എയർസ്ട്രിപ്പിൽ പരിശോധന നടത്തി. കനത്ത മഴയിൽ സത്രം എയർ സ്ട്രിപ്പിന്റെ റൺവേയുടെ ഒരു ഭാഗം ഒലിച്ചു പോയതിനെ തുടർന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ പരിശോധന. എൻ.സി.സിക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് എയർ സട്രിപ്പ് നിർമ്മിക്കുന്നത്.
റൺവേയിലെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതും സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് ഇത്ര വലിയ തോതിൽ മണ്ണിടിയാൻ കാരണമായത്.
കൂടുതൽ മണ്ണിടിയാതിരിക്കാൻ ഈ ഭാഗത്ത് ടാർപോളിൻ ഉപയോഗിച്ച് മൂടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കാൻ പൊതുമരാമത്തു വകുപ്പ് ഡിസൈൻ വിഭാഗം രൂപരേഖ തയ്യാറാക്കും. കോൺക്രീറ്റിംഗ് അടക്കമുള്ള ജോലികൾ ചെയ്യുന്നതിനു മുന്നോടിയായി മണ്ണു പരിശോധനയും നടത്തും. പണി പൂർത്തിയാക്കി കൈമാറുന്നതു വരെ നഷ്ടമുണ്ടായാൽ കരാറുകാരൻ തന്നെ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. സംരക്ഷണ ഭിത്തി നിർമ്മിച്ച കരാറുകാരനെക്കൊണ്ട് പണികൾ ചെയ്യിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നീക്കം. റൺവേയുടെ സംരക്ഷണത്തിനുള്ള ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് എൻസിസി പൊതുമരാമത്ത് വകുപ്പിന് കത്തു നൽകിയിട്ടുണ്ട്. റൺവേയുടെ ഒരു ഭാഗത്തെ മൺതിട്ട നീക്കുന്ന ജോലികൾ മഴമൂലം നിർത്തി വച്ചിരിക്കുകയാണ്. മഴ മാറിയാലുടൻ ഈ പണികളും പുനരാരംഭിക്കും. എയർ സ്ട്രിപ്പിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് ലൈൻ വലിക്കുന്ന പണികളും തുടങ്ങിയിട്ടുണ്ട്.
ചെലവഴിച്ചത്
പതിമൂന്ന്കോടി
എയർസ്ട്രിപ്പിന്റെ ഇതുവരെയുള്ള നിർമ്മാണം പൂർത്തിയാക്കിയത് പി.ഡബ്ബി.യു.ഡി. ബിൽഡിംഗ്‌സ് വിഭാഗമാണ് രാജ്യത്ത് തന്നെ ആദ്യമായയാണ്പീ.ഡബ്ല്യു.ഡി ഒരു എയർ സ്ട്രിപ്പ് നിർമ്മിക്കുന്നത്.13 കോടി രൂപ ചെലവഴിച്ചാണ് എയർസ്ട്രിപ്പ്‌ന്റെ തൊണ്ണൂറ് ശതമാനം നിർമ്മാണം പൂർത്തികരിച്ചത് .സർക്കാർ ഇനി വൻ തുക എയർസ്ട്രിപ്പിന് കണ്ടെത്തിയാൽ മാത്രമെ ഈ സ്വപ്ന പദ്ധതി പൂർത്തിയാക്കാനാകൂ.