തൊടുപുഴ: കുഞ്ചിത്തണ്ണി വില്ലേജിൽ പുതിയ റിസർവ്വ് വനം പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇടത് സർക്കാരിന്റെ ഗൂഢ നീക്കങ്ങളുടെ ഭാഗമാണെന്നും റവന്യു ഭൂമി വ്യാപകമായി ഏറ്റെടുത്ത് വനഭൂമിയാക്കുകയും പുതിയ റിസർവ്വ് വന പ്രഖ്യാപനം നടത്തുകയും ചെയ്യുന്നത് കർഷകരെയും പ്രദേശവാസികളെയും ദുരിതത്തിലാക്കുമെന്നും ഡീൻ കുര്യാക്കോസ് എം. പി. ദേശീയ ശരാശരിയേക്കാൾ വനഭൂമിയുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ സംരക്ഷിത വനങ്ങളും വന്യജീവി സങ്കേതങ്ങളുമുള്ളത് ഇടുക്കി ജില്ലയിലാണ്. റവന്യു രേഖകൾ പ്രകാരം കുഞ്ചിത്തണ്ണി വില്ലേജിലെ നിർദ്ദിഷ്ട റിസർവ്വ്, റവന്യു വകുപ്പിന്റെ അധീനതയിലുള്ളതായിട്ടാണ് കാണുന്നത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് പാട്ടത്തിനു നൽകിയ ഭൂമി പാട്ടക്കരാർ തീർന്നപ്പോൾ വനം വകുപ്പ് ഏറ്റെടുത്ത് റിസർവ്വായി പ്രഖ്യാപിച്ചത് അംഗീകരിക്കാൻ കഴിയുന്നതല്ല. നാട്ടിൻ പുറങ്ങളിലെ ഭൂമിയിൽ ബോർഡ് സ്ഥാപിച്ചുകൊണ്ട് വനം വകുപ്പ് അധീശത്വം സ്ഥാപിക്കുന്നതും തർക്ക ഭൂമിയാക്കി ഏറ്റെടുക്കുന്നതും നേരത്തെ തന്നെ ജനങ്ങൾ എതിർത്തിട്ടുണ്ട്. കുഞ്ചിത്തണ്ണിയിലെ റിസർവ് പ്രഖ്യാപനം ദുരുപദിഷ്ടവും അനാവശ്യവുമാണ്. പ്രദേശത്ത് ശാന്തമായി കൃഷി ചെയ്ത് ജീവിച്ച് പോരുന്ന സാധാരണക്കാരന്റെ മേൽ വനം വകുപ്പ് കുതിര കയറുന്നത് സർക്കാർ നോക്കി നിൽക്കുകയാണ്. ആവശ്യത്തിലധികം വനഭൂമിയുണ്ടായിട്ടും വീണ്ടും വന വിസ്തൃതി വർധിപ്പിക്കുന്നതിനുള്ള വനം വകുപ്പിന്റെ നീക്കത്തിന് സർക്കാർ പിന്തുണ നൽകുന്നത് അശാസ്ത്രീയവും കർഷകരോടുള്ള വെല്ലുവിളിയുമാണ്. ബഫർസോൺ ഉത്തരവും നിർമ്മാണ നിരോധനവും കരി നിയമങ്ങളും കൊണ്ട് ജില്ലയെ തകർക്കാനുള്ള ഗൂഢ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരുമെന്നും എം. പി പറഞ്ഞു.