പീരുമേട്: ഏലത്തിന് തറവില നിച്ഛയിക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വാഴൂർ സോമൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകി.
കേരളത്തിലെ ഏലം കർഷകർ മഹാദുരിതത്തിലാണ്. ഏലത്തിന്റെ വില കിലോക്ക് നാലായിരം രൂപയിലെത്തിയ സമയത്ത് തൊഴിലാളികളുടെ വേതനവും, വളങ്ങളുടെയും കീടനാശിനികളുടെയും വിലയും താരതമ്യേന വൻതോതിൽ ഉയരുകയുണ്ടായി. പക്ഷെ ഏലത്തിന് വില കുത്തനെ ഇടിഞ്ഞു കിലോക്ക് 750 രൂപ ആയ സമയത്തും തൊഴിലാളികളുടെ വേതനത്തിലും, വളങ്ങളുടെയും കീടനാശിനികളുടെയും വിലയിലും യാതൊരു കുറവും ഉണ്ടായിട്ടില്ല. മിക്ക കർഷകരും തോട്ടങ്ങളിൽ പണിയെടുപ്പിക്കാൻ തയ്യാറാകാതെ കൃഷി ഉപേക്ഷിച്ചു പോകുന്ന അവസ്ഥയാണുള്ളത്, ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഈ കർഷകരെ കൈപിടിച്ചുകയറ്റണമെങ്കിൽ ഏലത്തിന് ഒരു നിശ്ചിത തറവില നിച്ഛയിക്കേണ്ടതുണ്ട്.
ഒരേക്കർസ്ഥലത്ത് ഒരുവർഷം ഏലം കൃഷി ചെയ്യാനായി ഏകദേശം 3 ലക്ഷം രൂപ പണിക്കൂലിക്കും വളപ്രയോഗത്തിനുമായ ചെലവ് വരുന്നുണ്ട്. പക്ഷെ ഏകദേശം 300 കിലോ ഉണക്ക ഏലം ആണ് പരമാവധി വിളവ് ലഭിക്കുക. ഈ കണക്കനുസരിച്ചാണെങ്കിലും ഒരേക്കറിൽ നിന്നും 750 രൂപ വിലനിരക്കിൽ രണ്ടുലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപയാണ് ഒരേക്കറിൽ നിന്നും ലഭികുക, ഒരുവർഷം എഴുപത്തിയയ്യായിരം രൂപ ഒരു കർഷകന് നഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഈ പ്രതിസന്ധിക്കൊരു മാറ്റം ഉണ്ടാകണമെങ്കിൽ 1500 രൂപയെങ്കിലും തറവില ഉണ്ടെങ്കിൽ മാത്രമേ ഈ വ്യവസായം മുന്നോട്ടു കൊണ്ടു പോകാൻ സാധികുകയൊള്ളു, ആയതിനാൽ ഈ വിഷയം പരിഗണനയിലെടുത്തുകൊണ്ട് ഏലത്തിന് തറവില നിച്ഛയിക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്ന് വാഴൂർ സോമൻ എം എൽ എ അറിയിച്ചു