കട്ടപ്പന : സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു.അഞ്ചാം ക്ലാസ്സുകാരിയായ പെൺകുട്ടിയുടെ സ്വർണ്ണ കമ്മലും വെള്ളിക്കൊലുസുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ വൈകിട്ട് 4.40ന് ചപ്പാത്ത് വള്ളക്കടവിനു സമീപമാണ് സംഭവം.പെൺകുട്ടിയുടെ വീട്ടിലേയ്ക്കുള്ള അരകിലോമീറ്റർ ദൂരം ആൾ സഞ്ചാരം കുറഞ്ഞ പ്രദേശമാണ്.ഇതുവഴി നടന്നു നീങ്ങുന്നതിനിടയിലാണ് ആക്രമണം.കുട്ടിയെ ബോധ രഹിതയാക്കിയതിന് ശേഷമാണ് ആഭരണങ്ങൾ കവർന്നത് എന്നാണ് സൂചന.സ്‌കൂളിൽ നിന്ന് എത്തേണ്ട സമയം കഴിഞ്ഞിട്ടും പെൺകുട്ടി വരാൻ വൈകിയതിനെ തുടർന്ന് വല്ല്യമ്മ അന്വേഷിച്ച് എത്തിയപ്പോൾ റോഡരികിൽ ബാഗും ചെരിപ്പും കണ്ടു.ഇതിനു സമീപം തേയിലച്ചെടികൾക്ക് ഇടയിലാണ് പെൺകുട്ടിയെ ബോധരഹിതയായി കണ്ടത്.ഉടൻതന്നെ കട്ടപ്പനയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകട നില തരണം ചെയ്തു.പിന്നിൽ നിന്ന് ആരോ വടികൊണ്ട് അടിച്ചതായാണ് പെൺകുട്ടിയുടെ മൊഴി. ഉപ്പുതറ പൊലീസ് അന്വേഷണം ആരംഭിച്ചു.