നാടുകാണി: ട്രൈബൽ ആർട്സ് ആൻഡ് സയൻസ് കോളേജ് വളപ്പിൽ അപൂർവ ഇനത്തിൽപ്പെട്ട നാഗശലഭത്തെ കണ്ടെത്തി. കോളേജ് വളപ്പിൽ നിൽക്കുന്ന അലങ്കാര ഇല്ലികൾക്കിടയിലാണ് നിശാശലഭം പറന്നെത്തിയത്. ഏഷ്യയിൽ കണ്ടു വരുന്ന ശലഭങ്ങളിൽ ഏറ്റവും വലിപ്പമുള്ള ഇനമാണിത്. കേരളത്തിൽ സാധാരണ ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഇവയെ കാണാനാകുന്നത്. ജൂലൈ മാസത്തിൽ മഴ കൂടുതൽ ആയതിനാൽ ഇത്തരം ശലഭങ്ങൾ പൊതുവെ കാണാറില്ല. രാത്രിയിൽ സഞ്ചരിക്കുന്നതിനാൽ നിശാ ശലഭങ്ങളുടെ ഗണത്തിലാണ് ഇവയെ ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണ ശലഭങ്ങളുടെ ചിറകുകൾക്ക് രണ്ടു സെന്റി മീറ്റർ മുതൽ വീതി കാണും. നാഗശലഭങ്ങളുടെ ചിറകുകൾക്കാണ് കൂടുതൽ വലിപ്പമുള്ളത്. കോളേജ് വളപ്പിൽ കണ്ടെത്തിയ ശലഭത്തിന്റെ ചിറകിന് ഇരുപത്തിനാല് സെന്റി മീറ്റർ വലിപ്പമുണ്ട്. അറ്റ്ലസ് മോത്ത് എന്നാണിവ അറിയപ്പെടുന്നത്. അറ്റാക്കസ് ടാപ്രോബാനിസ് എന്നാണ് ശാസ്ത്രീയ നാമം. സാറ്റേണി ഡേ കുടുംബത്തിൽപ്പെട്ടവയാണിത്. സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രിൻസിപ്പലുമായ ഡോ.സി.കെ. സ്മിതയാണ് നാഗ ശലഭത്തെ കണ്ടെത്തുകയും അതിന്റെ ഫോട്ടോ ശേഖരിക്കുകയും ചെയ്തത്. ഇത്തരം ശലഭങ്ങളെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള ശ്രമത്തിലാണ് അവർ.