
മറയൂർ: ഈ സാമ്പത്തിക വർഷത്തെ ആദ്യ ചന്ദന ലേലം സെപ്തംബർ മാസം നടക്കും. പതിവായി ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് ചന്ദന ലേലം നടക്കുന്നത്. ജൂൺ മാസത്തിലാണ് ലേലത്തിനായി വിദഗ്ദ്ധരായ തൊഴിലാളികളെ ഉപയോഗിച്ച് ചന്ദനം ചെത്തി ഒരുക്കുന്നത്. എന്നാൽ ഇത്തവണ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും പതിവായി വൈദ്യുതി തടസം നേരിട്ടതുമാണ് ലേലത്തിനായുള്ള ചന്ദനം ഒരുക്കുന്നത് വൈകിയത്. ഇക്കാരണങ്ങളാൽ ആഗസ്റ്റ് മാസത്തിൽ നടക്കേണ്ടിയിരുന്ന ചന്ദന ലേലം സെപ്തംബർ മാസത്തിലെ ആദ്യ ആഴ്ചയിൽ നടത്തുന്നതിനുള്ള നടപടികളാണ് മറയൂർ ചന്ദന ഡിവിഷനിൽ സ്വീകരിക്കുന്നത്. കാറ്റിൽ ഒടിഞ്ഞു വീഴുന്നതും കാട്ടുപോത്ത്, ആന പോലുള്ള വന്യജീവികൾ മറിച്ചിടുന്നതും മോഷ്ടാക്കളിൽ നിന്ന് തൊണ്ടി മുതലായി പിടിച്ചെടുക്കുന്നതുമായ ചന്ദമരങ്ങളാണ് ലേലത്തിൽ വിൽപ്പനയ്ക്കായി എത്തിക്കുന്നത്. ലേലത്തിൽ ചന്ദനമരങ്ങൾ എത്തിക്കുന്നത് മാസങ്ങൾ നീണ്ടു നിൽക്കുന്ന ജോലികൾക്ക് ശേഷമാണ്. കാട്ടിൽ നിന്ന് ശേഖരിച്ച് എത്തിക്കുന്ന ചന്ദന മരങ്ങൽ അളന്ന് തിട്ടപ്പെടുത്തി നമ്പർ രേഖപ്പെടുത്തി മുറിച്ചെടുത്ത് ചെത്തിമിനുക്കി 13 വിഭാഗങ്ങളായി തിരിച്ചാണ് ലേലം നടത്തുന്നത്. രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് മാത്രമേ നിരത ദ്രവ്യം അടച്ച് ലേലത്തിൽ പങ്കെടുക്കാൻ കഴിയൂ. കൊവിഡിന് മുമ്പ് 80 കോടി രൂപ വരെയായിരുന്നു മറയൂർ ചന്ദന ഇ- ലേലത്തിലൂടെ സർക്കാരിന് പ്രതിവർഷം ലഭിച്ചിരുന്നത്. കേരളത്തിൽ നിരവധി ക്ഷേത്രങ്ങളും ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടങ്കിലും കേരളത്തിലെ ഏക ചന്ദന ലേലമായ ഇതിൽ പങ്കെടുക്കുന്നവർ ചുരുക്കമാണ്. ലേലത്തിൽ പൊതുവെ വിൽപനയ്ക്ക് എത്തിച്ചു വരുന്നത് ചന്ദന റിസർവ്വിൽ കാറ്റിൽ വീഴുന്നതോ വന്യമൃഗങ്ങൾ പിഴുതിടുന്നതോ സ്വകാര്യ റവന്യൂ ഭൂമിയിൽ നിന്ന് നടപടികൾ പൂർത്തീകരിച്ച് ഗോഡൗണിലെത്തിക്കുന്നവയോ ആണ്. ഇതിന് പുറമേ കള്ളകടത്തുകാരിൽ നിന്ന് പിടികൂടുന്ന ചന്ദനവും ലേലത്തിൽ വയ്ക്കാറുണ്ട്.