തൊടുപുഴ: 2025ഓടെ സംസ്ഥാനത്ത് പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എച്ച്.ഐ.വി പ്രതിരോധത്തിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി 'ഓസം' ജില്ലാതല ടാലന്റ് ഷോ നടത്തും. യുവാക്കൾക്കിടയിൽ എച്ച്.ഐ.വി രോഗ സാധ്യത കൂടുതലായതിനാൽ അവരെ മുൻനിറുത്തി എച്ച്.ഐ.വി രോഗപ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയിലൂടെ ഉദ്ദേശിക്കുന്നത്. ജൂലായ് 29ന് രാവിലെ 9.30ന് ചെറുതോണി പൊലീസ് സൊസൈറ്റി ഹാളിലാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുളളവർ ജൂലായ് 27ന് മുമ്പ് 9400039470, 7736689057 എന്ന നമ്പറിലോ dacoidukki@gmail.com എന്ന ഇ- മെയിൽ വിലാസത്തിൽ പേര്, കോളേജിന്റെ പേര്, ഫോൺ നമ്പർ, ഇനം എന്നീ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ഒന്നാം സമ്മാനം ലഭിക്കുന്ന വിദ്യാർത്ഥിക്ക് ലൈവ് സ്റ്റേജ് ഷോ ആയി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. ജില്ലയിലെ എല്ലാ കോളേജുകളിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിനോദപരവും വിജ്ഞാനപരവും വസ്തുതാപരവുമായി അവതരിപ്പിക്കുന്ന കലാസന്ദേശമാണ് മത്സരത്തിൽ പരിഗണിക്കുക.